തിലക് മൈതാന്‍: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ നോര്‍ത്ത് അഷുതോഷ് മെഹ്‌തയുടേയും ദെഷോം ബ്രൗണിന്‍റേയും ഗോളുകളില്‍ വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. ആദ്യമായാണ് ജംഷഡ്‌പൂരിനെ നോര്‍ത്ത് ഈസ്റ്റ് തോല്‍പിക്കുന്നത്. 

ജംഷഡ്‌പൂര്‍ 4-4-1-1 ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് 4-3-3 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്. ആദ്യപകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്. ഇതിന്‍റെ ഫലം നോര്‍ത്ത് ഈസ്റ്റിന് ലഭിക്കുകയും ചെയ്തു. ഗാലിഗോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് 36-ാം മിനുറ്റില്‍ അഷുതോഷ് മെഹ്‌ത ഹെഡറിലൂടെ ലീഡ് നേടിക്കൊടുത്തു. എന്നാല്‍ കൂടുതല്‍ ഗോളുകളില്‍ നിന്ന് വടക്കുകിഴക്കന്‍ ശക്തികളെ ജംഷഡ്‌പൂരിന്‍റെ മലയാളി ഗോളി ടി.പി രഹ്‌നേഷിന്‍റെ മിന്നും സേവുകള്‍ തടുത്തു. 

രണ്ടാംപകുതിയില്‍ ഇരു ടീമും മാറ്റങ്ങളുമായെത്തി. ഇവിടേയും മേല്‍ക്കൈ നേടാന്‍ ജംഷഡ്‌പൂരിനായില്ല. നോര്‍ത്ത് ഈസ്റ്റിനായി ആദ്യ മത്സരം കളിക്കുന്ന ബ്രൗണ്‍ പകരക്കാരനായി ഇറങ്ങി 61-ാം മിനുറ്റില്‍ വല കുലുക്കി. ഇതോടെ നോര്‍ത്ത് ഈസ്റ്റ് ഏകപക്ഷീയമായ രണ്ട് ഗോളിന് മുന്നിലെത്തി. 89-ാം മിനുറ്റില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലി ജംഷഡ്‌പൂരിനായി ഗോള്‍ മടക്കിയെങ്കിലും ആറ് മിനുറ്റ് ഇഞ്ചുറിടൈമിലും സമനില പിറന്നില്ല. നോര്‍ത്ത് ഈസ്റ്റിന്‍റെ മലയാളി താരം വി പി സുഹൈറും മത്സരത്തില്‍ മികച്ചുനിന്നു. 

ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 15 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം 12 കളിയില്‍ 13 പോയിന്‍റുള്ള ജംഷഡ്പൂര്‍ എട്ടാം സ്ഥാനത്താണ്. 

സൂപ്പര്‍ സണ്‍ഡേ: പ്രീമിയർ ലീഗില്‍ ലിവര്‍പൂള്‍-യുണൈറ്റഡ് പോര്; സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സക്ക് ഫൈനല്‍