മഡ്‌ഗാവ്: ഐഎസ്എല്ലില്‍ നിര്‍ണായക സമയത്ത് എങ്ങനെ ജയിക്കണം എന്നതിന്‍റെ ഉത്തമ ഉദാരണമാണ് ഒഡീഷ എഫ്‌സിയോട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കാട്ടിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച് വടക്കുകിഴക്കന്‍ കരുത്തര്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് കുതിച്ചുയരുകയായിരുന്നു. ലൂയിസ് മഷാഡോ ഇരട്ട ഗോള്‍ നേടി. എങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് കളിമികവ് കൊണ്ട് മറ്റൊരാളാണ്. 

പന്തിന്‍റെ പൂര്‍ണ നിയന്ത്രണം കൊണ്ട് നോര്‍ത്ത് ഈസ്റ്റ് മധ്യനിര ഭരിക്കുന്ന മുപ്പതുകാരന്‍ ഫെഡറിക്കോ ഗാലിഗോയാണ് മത്സരത്തിലെ താരം. ഒഡീഷയ്‌ക്കെതിരെ വിന്നിംഗ് പാസിനുള്ള പുരസ്‌കാരവും ഗാലിഗോ കീശയിലാക്കി. ഉറുഗ്വൊക്കാരനായ ഗാലിലോ ഈ സീസണില്‍ നാലാം തവണയാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്നത്. എട്ട് ക്രോസുകളും അഞ്ച് അവസരങ്ങളും രണ്ട് അസിസ്റ്റുകളും സഹിതം 9.52 റേറ്റിംഗ് പോയിന്‍റ് ഗാലിഗോയ്‌ക്ക് ഐഎസ്എല്‍ നല്‍കി. 

2018-19 സീസണില്‍ ബോസ്റ്റണ്‍ റിവറില്‍ നിന്ന് ലോണിലാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചു. പിന്നീട് 2019 താരത്തെ ക്ലബ് പാളയത്തിലെത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല്‍പതിലധികം മത്സരം കളിച്ചിട്ടുള്ള താരം ക്ലബിന്‍റെ മധ്യനിര എഞ്ചിനായാണ് അറിയപ്പെടുന്നത്. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നാല് വീതം ഗോളും അസിസ്റ്റുമായി ഗാലിഗോ താരമായിക്കഴിഞ്ഞു. 

ഒഡിഷയ്‌ക്കെതിരെ മിന്നും ജയം; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാമത്