ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷ ശക്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങുന്നു. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ഗോവയിലെ ഫറ്റോര്‍ഡയില്‍ വൈകിട്ട് 7.30നാണ് മത്സരത്തിന് കിക്കോഫാകുക. 

18 മത്സരം പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് 27 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങളില്‍ 17 പോയിന്‍റുമായി ഒന്‍പതാമത് നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിന്‍റെ പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചിരുന്നു. എടികെ മോഹന്‍ ബഗാനും മുംബൈ സിറ്റിയുമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. മറ്റ് രണ്ട് സ്ഥാനങ്ങളിലേക്കായി ഗോവയും ഹൈദരാബാദും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം മത്സരരംഗത്തുണ്ട്. 

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എടികെ മോഹൻ ബഗാൻ- ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമാണ് നേടിയത്. എടികെ ബഗാൻ തോല്‍വിയില്‍നിന്ന് രക്ഷപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഇഞ്ചുറി ടൈമിൽ പ്രീതം കോട്ടാൽ നേടിയ ഗോളാണ് നിലവിലെ ചാമ്പ്യൻമാരായ എടികെ ബഗാനെ രക്ഷിച്ചത്. 

എട്ടാം മിനിറ്റിൽ അഡ്രിയൻ സാന്റാന ഹൈദരാബാദിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൻവീർ സിംഗ് എടികെ ബഗാനെ ഒപ്പമെത്തിച്ചു. എഴുപത്തിനാലാം മിനിറ്റിൽ റോളണ്ട് അൽബെർഗ് ഹൈദരാബാദിന്റെ രണ്ടാം ഗോൾ നേടി. തൊണ്ണൂറ്റിമൂന്നാം മിനിറ്റിലായിരുന്നു പ്രീതം കോട്ടാലിന്റെ സമനില ഗോൾ. 28 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഹൈദരാബാദും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. 

ഹൈദരാബാദിന്‍റെ വീര നായകനായി വീണ്ടും സന്‍റാന; കളിയിലെ താരം