മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ത്രില്ലര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു ഹൈദരാബാദ് എഫ്‌സിയും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്നത്. അഞ്ച് ഗോള്‍ പിറന്ന മത്സരത്തില്‍ ജയം 3-2ന് ഹൈദരാബാദിന്‍റെ പക്കലാക്കിയത് അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അരിഡാനെ സാന്‍റാനെയാണ്. പിന്നില്‍ നിന്ന ശേഷം രണ്ടാംപകുതിയില്‍ ഹൈദരാബാദ് ഇരച്ചെത്തിയപ്പോള്‍ ഇരട്ടഗോളുമായി സാന്‍റാനെ മിന്നലായി. 

ഇതോടെ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ചിനുള്ള പുരസ്‌കാരം ഈ സ്‌പാനിഷ് താരം സ്വന്തമാക്കി. ഈസ്റ്റ് ബംഗാളിനായി ജാക്വസ് മഖോമ ഇരട്ട ഗോള്‍ നേടിയെങ്കിലും അരിഡാനയുടെ ഇംപാക്ട് സൃഷ്‌ടിക്കാനാകാതെ പോയി.  

ഗോവയിലെ തിലക് മൈതാനിയില്‍ ആദ്യം മുന്നിലെത്തിയത് ഈസ്റ്റ് ബംഗാളായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ക്കൊപ്പം സാന്‍റാന കളംനിറഞ്ഞപ്പോള്‍ ഹൈദരാബാദ് ശക്തമായി തിരിച്ചെത്തി. 56-ാം മിനുറ്റില്‍ രണ്ട് ഗോളുകളാണ് സാന്‍റാന പേരിലാക്കിയത്. ആദ്യ ഗോള്‍ മുഹമ്മദ് യാസിന്‍റെ ഫ്രീകിക്കില്‍ തല കൊണ്ടായിരുന്നു എങ്കില്‍ രണ്ടാം വെടി പൊട്ടിച്ചത് ലിസ്റ്റണിന്‍റെ അസിസ്റ്റിലും. 

ഈ സീസണില്‍ ഹൈദരാബാദ് എഫ്‌സിയിലെത്തിയ അരിഡാനെ സാന്‍റാന തന്‍റെ നാലാം ഗോളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിക്കായാണ് താരം ബൂട്ട് കെട്ടിയത്. 

Powered by

ഹൈദരാബാദിന് രണ്ടാംജയം; ത്രില്ലറില്‍ ഈസ്റ്റ് ബംഗാളിന് നിരാശ