മഡ്ഗാവ്: ഐഎസ്എല്ലിലെ അത്ഭുത ഗോളിലൂടെ ഗോവ എഫ്‌സിയെ കീഴടക്കിയ ചെന്നൈയിന്‍ എഫ്‌സി താരം റാഫേല്‍ ക്രിവെല്ലാറോ കളിയിലെ താരം. കരുത്തരായ ഗോവ മുട്ടുമടക്കിയത് 53-ാം മിനിറ്റില്‍ ക്രിവെല്ലാറോ കോര്‍ണര്‍ കിക്കില്‍ നിന്ന് നേരിട്ട് വലയിലെത്തിച്ച(ഒളിംപിക് ഗോള്‍) ഗോളിന് മുന്നിലായിരുന്നു.

മത്സരത്തില്‍ 8.77 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ക്രിവെല്ലാറോ ഹീറോ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ ഒളിംപിക് ഗോളാണ് ക്രിവെല്ലാറോ സ്കോര്‍ ചെയ്തത്.

ബ്രസീലില്‍ നിന്നുള്ള ക്രിവെല്ലാറോ കഴിഞ്ഞ സീസണിലാണ് ചെന്നൈയിന്‍റെ പ്ലേ മേക്കറായി ടീമിലെത്തിയത്. സീസണില്‍ ഏഴ് ഗോളും എട്ട് അസിസ്റ്റുമായി ചെന്നൈയിനെ ഫൈനലിലെത്തിക്കുന്നതില്‍ ക്രിവെല്ലാറോ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

കരിയറിന്‍റെ തുടക്കത്തില്‍ ബ്രസീലിലായിരുന്നു ക്രിവെല്ലാറോ കൂടുതലും കളിച്ചത്. പിന്നീട് നാലു സീസണില്‍ പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന്‍ ക്ലബ്ബായ വിറ്റോറിയ ഗ്യുമറൈസിലായിരുന്നു ക്രിവെല്ലാറോ തിളങ്ങിയത്.

വിറ്റോറിയക്കൊപ്പം പോര്‍ച്ചുഗീസ് എഫ്‌എ കപ്പ്(ടാക്കാ ഡെ പോര്‍ച്ചുഗല്‍) വിജയത്തിലും ക്രിവെല്ലാറോ പങ്കാളിയായി. യുവേഫ യൂറോപ്പ ലീഗിലും ക്രിവെല്ലാറോ കളിച്ചു. പിന്നീട് യുഎഇയിലും പോളണ്ടിലും കളിച്ച ക്രിവെല്ലാറോ പോര്‍ച്ചുഗീസ് ക്ലബ്ബില്‍ തിരിച്ചെത്തി. ഇതിനുശേഷൺ ഹ്രസ്വകാലത്തേക്ക് ഇറാനിലും 31കാരനായ ക്രിവെല്ലാറോ പന്തുതട്ടി.

Powered By