മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ എ ടി കെ മോഹന്‍ബഗാനെ സമനിലയില്‍ പിടിച്ചുകെട്ടി ഹൈദരാബാദ് എഫ്‌സി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 54-ാം മിനിറ്റില്‍ മന്‍വീറിലൂടെ മുന്നിലെത്തിയ മോഹന്‍ ബഗാനെ ജാവോ വിക്ടറുടെ പെനല്‍റ്റി ഗോളില്‍ ഹൈദരാബാദ് പിടിച്ചുകെട്ടുകയായിരുന്നു. സമനിലയോടെ പത്ത് പോയന്‍റുമായി എ ടി കെ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആറ് പോയന്‍റുള്ള ഹൈദരാബാദ് അഞ്ചാം സ്ഥാനത്തെത്തി.

നാലാം ജയത്തോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന എ ടികെയുടെ സ്വപ്നങ്ങളാണ് ഹൈദരാബാദ് യുവതാരങ്ങളുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പൊലിഞ്ഞത്. ഗോള്‍ കീപ്പര്‍ സുബ്രതോ പോളിന്‍റെ മികവും ഹൈദരാബാദിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമായി.

രണ്ടാം പകുതിയില്‍ നിഖില്‍ പൂജാരിയെ മന്‍വീര്‍ സിംഗ് ബോക്സില്‍ വീഴ്ത്തിയതിനാണ് ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ജാവോ വിക്ടറിന് പിഴച്ചില്ല. നേരത്തെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ കിക്കില്‍ നിന്ന് ലഭിച്ച പന്തില്‍ ഹൈദരാബാദിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് മന്‍വീര്‍ എ ടി കെയെ മുന്നിലെത്തിച്ചത്.

മത്സരത്തിന്‍റെ തുടക്കംമുതല്‍ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും ഗോള്‍ നേടാന്‍ ആര്‍ക്കും സാധിച്ചില്ല. സ്‌ട്രൈക്കര്‍ അരിഡാനെ സന്റാനയുടെ അഭാവം ഹൈദരാബാദിന്‍റെ മുന്നേറ്റത്തില്‍ പ്രകടമായിരുന്നു. ആശിഷ് റായ്, ജാവോ വിക്ടര്‍, സൗവിക് ചക്രബര്‍ത്തി, നികില്‍ പൂജാരി, ഹാളിചരണ്‍ നര്‍സാരി എന്നിവരടങ്ങിയ മധ്യനിര എണ്ണയിട്ട യന്ത്രം പോലെയായിരുന്നു മൈതാനത്ത്. എന്നാല്‍ ഫൈനല്‍ തേര്‍ഡില്‍ ആ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്.

മറുവശത്ത് റോയ് കൃഷ്ണയും പ്രബീര്‍ ദാസും മന്‍വീര്‍ സിങ്ങും ചേര്‍ന്ന കൂട്ടുകെട്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് അവര്‍ക്കും വിനയായത്. ഒമ്പതാം മിനിറ്റില്‍ ഗോളെന്നുറച്ച കൃഷ്ണയുടെ ഒരു ഹെഡര്‍ സുബ്രത സേവ് ചെയ്തു. 17-ാം മിനിറ്റില്‍ ലഭിച്ച അവസരവും കൃഷ്ണയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. ഇതിനിടെ 28-ാം മിനിറ്റില്‍ മന്‍വീറിന്റെ ക്രോസില്‍ നിന്നുള്ള പ്രബീര്‍ ദാസിന്റെ ഷോട്ട് അദ്ഭുതകരമായാണ് സുബ്രതോ രക്ഷപ്പെടുത്തിയത്.

Powered By