Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ആവേശപ്പോരില്‍ മുംബൈയെ ഗോള്‍മഴയില്‍ മുക്കി ബെംഗലൂരു

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബെംഗലൂരു അക്കൗണ്ട് തുറന്നു. ക്ലൈറ്റണ്‍ സില്‍വയായിരുന്നു ആദ്യ 25 സെക്കന്‍ഡില്‍ തന്നെ നീലപ്പടയെ മുന്നിലെത്തിച്ചത്.  22-ാം മിനിറ്റില്‍ സില്‍വ ബെംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ISL 2020-2021: Bengaluru FC vs Mumbai City FC Match Report
Author
Madgaon, First Published Feb 15, 2021, 9:49 PM IST

മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ എഫ്സിയെ ഗോള്‍ മഴയില്‍ മുക്കി ബെംഗലൂരു എഫ്‌സി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗലൂരുവിന്‍റെ വിജയം. ജയത്തോടെ 18 കളികളില്‍ 22 പോയന്‍റുമായി ആറാം സ്ഥാനത്തെത്തിയ ബെംഗലൂരു പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ 17 കളികളില്‍ 34 പോയന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ജയിച്ചിരുന്നെങ്കില്‍ എടികെയെ മറികടന്ന് മുംബൈക്ക് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമായിരുന്നു.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബെംഗലൂരു അക്കൗണ്ട് തുറന്നു. ക്ലൈറ്റണ്‍ സില്‍വയായിരുന്നു ആദ്യ 25 സെക്കന്‍ഡില്‍ തന്നെ നീലപ്പടയെ മുന്നിലെത്തിച്ചത്.  22-ാം മിനിറ്റില്‍ സില്‍വ ബെംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡുമായി കയറിയ ബെംഗലൂരുവിനെ ഞെട്ടിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ  ആദം ലെ ഫോണ്ട്രെ ഒരു ഗോള്‍ തിരിച്ചടിച്ച് മുംബൈയുടെ തിരിച്ചുവരവിന്‍റെ സൂചന നല്‍കി.

എന്നാല്‍ ഗോളിന്‍റെ ആഹ്ളാദം അധികം നീണ്ടില്ല. ബെംഗലൂരുവിനായി തന്‍റെ ഇരുന്നൂറാം മത്സരം കളിച്ച നായകന്‍ സുനില്‍ ഛേത്രി 57-ാം മിനിറ്റില്‍ ബെംഗലൂരുവിന്‍റെ  ലീഡ് വീണ്ടും രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ 72-ാം മിനിറ്റില്‍ ലെ ഫോണ്ട്രെയിലൂടെ വീണ്ടും ഒരു ഗോള്‍ കൂടി മടക്കിയ മുംബൈ കളി ആവേശകരമാക്കി.

സമനിലഗോളിനായി മുംബൈ ആഞ്ഞുശ്രമിച്ചെങ്കിലും ബെംഗലൂരു പ്രതിരോധം വഴങ്ങിയില്ല. എന്നാല്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോളിനായി മുംബൈ ആഞ്ഞുശ്രമിക്കുന്നതിനിടെ പ്രത്യാക്രമണ നീക്കത്തില്‍ ക്യാപ്റ്റന്‍ സുനില്‍  ഛേത്രി മുംബൈ വലയില്‍ പന്തെത്തിച്ച് ബെംഗലൂരുവിന്‍റെ വിജയം ഉറപ്പിച്ചു.

Follow Us:
Download App:
  • android
  • ios