മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യായിരുന്ന മത്സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയ്ക്കെതിരെ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് സമനില മാത്രം.  90-ാം മിനിറ്റ് വരെ 2-1ന് മുന്നില്‍ നിന്ന ചെന്നൈയിനെ ഇഞ്ചുറി ടൈമില്‍ ഇഷാന്‍ പണ്ഡിത നേടിയ ഗോളിലാണ് ഗോവ സമനില പിടിച്ചത്.

പതിമൂന്നാം മിനിറ്റില്‍ ജാക്കൂബ് സില്‍വസ്റ്ററിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. ആറ് മിനിറ്റിനുശേഷം പെനല്‍റ്റിയിലൂടെ ഇഗോര്‍ അംഗൂളോ ഗോവയെ ഒപ്പമെത്തിച്ചു. ബോക്സില്‍ അംഗൂളോക്കൊപ്പം പന്തിനായി ഉയര്‍ന്നു ചാടിയപ്പോള്‍ ചെന്നൈയിന്‍ താരം എലി സാബിയയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

കിക്കെടുക്കുന്നതിന് മുമ്പെ കളിക്കാര്‍ ബോക്സിലേക്ക് കയറിയെന്ന് പറഞ്ഞ് അംഗൂളോ ആദ്യമെടുത്ത പെനല്‍റ്റി റഫറി നിഷേധിച്ചു. വീണ്ടും എടുത്തപ്പോഴും ലക്ഷ്യം പിഴക്കാതെ അംഗൂളോ പന്ത് വലയിലാക്കി.

രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ ലാല്‍ ചാങ്തെ ചെന്നൈയിനെ വീണ്ടും മുന്നിലെത്തിച്ചു.  സമനില ഗോളിനായി ഗോവ കൈമെയ് മറന്ന് പൊരുതിയെങ്കിലും ചെന്നൈയിന്‍ പ്രതിരോധം വഴങ്ങിയില്ല. എന്നാല്‍  ജയം ഉറപ്പിച്ച ചെന്നൈയിനെ ഞെട്ടിച്ച് ഇഞ്ചുറി ടൈമില്‍ ഇഷാന്‍ പണ്ഡിത ഗോവയെ ഒപ്പമെത്തിച്ചു.

ജയത്തോടെ 17 കളികളില്‍ 24 പോയന്‍റുമായി ഗോവ ഹൈദരാബാദിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി. 18 കളികളില്‍ 18 പോയന്‍റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്ത് ആണ്.