മഗ്ഡാവ്: അവസാന അഞ്ച് മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോ നേടിയ ഇരട്ടഗോളുകളുടെ മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ജയത്തോടെ ഹൈദരാബാദ് 10 കളികളില്‍ 15 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 11 പോയന്‍റുള്ള  നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്താണ്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ അരിഡാനെ സന്‍റാനെയിലൂടെ ഹൈദാരാബദ് മുന്നിലെത്തി. 36-ാം മിനിറ്റില്‍ ചിയാനീസ് ഹൈദരാബാദിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ഗലേഗോയുടെ പെനല്‍റ്റി ഗോളില്‍ ഒരു ഗോള്‍ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റ് സെക്കന്‍ഡുകള്‍ക്കകം ലാാംബോട്ടിലൂടെ നാടകീയമായി സമനില പിടിച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. എന്നാല്‍ കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ലിസ്റ്റണ്‍ നേടിയ ഇരട്ട ഗോളുകള്‍ ഹൈദരാബാദിന് അപ്രതീക്ഷിത ജയം സമ്മാനിച്ചു. 85, 90 മിനിറ്റുകളിലായിരുന്നു ലിസ്റ്റന്‍റെ ഗോളുകള്‍.