മഡ്ഗാവ്: ഐഎസ്എല്ലില്‍ ലിസ്റ്റണ്‍ കൊളാക്കോയുടെ ഇരട്ടപ്രഹരത്തില്‍ ഹൈദരാബാദ് എഫ് സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തിയപ്പോള്‍ കളിയിലെ താരമായത് ജോയല്‍ ചിയാന്‍സെ. മത്സരത്തില്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ ലിസ്റ്റണെക്കാള്‍(8.15) റേറ്റിംഗ് പോയന്‍റ്(9.15) നേടിയാണ് ജോയല്‍ ഹീറോ ഓഫ് ദ് മാച്ചായി തെര‍ഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ അരിഡാനെ സന്‍റാനെയുടെ ആദ്യഗോളിന് വഴിയൊരുക്കിയ ജോയല്‍ ടീമിന്‍റെ രണ്ടാം ഗോള്‍ നേടിയാണ് കളിയിലെ താരമായത്.

ഓസ്ട്രേലിയന്‍ എ ലീഗില്‍ പെര്‍ത്ത് ഗ്ലോറിയുടെ താരമായിരുന്ന 30കാരനായ ജോയല്‍ ഈ സീസണിലാണ് ഐഎസ്എല്ലില്‍ ഹൈദരാബാദിനൊപ്പമെത്തിയത്. ബ്ലാക്ക്ടൗണ്‍ സിറ്റി എഫ്‌സിയില്‍ പ്രഫഷണല്‍ കരിയര്‍ തുടങ്ങിയ ജോല്‍ 2011ല്‍ സിഡ്നി എഫ്‌സിക്കൊപ്പം ഓസ്ട്രേലിയന്‍ എ ലീഗില്‍ അരങ്ങേറി. സിഡ്നിക്കൊപ്പം മൂന്ന് സീസണില്‍ കളിച്ച ജോയല്‍ സിഡ്നി യുനൈറ്റഡിനായും ബോണിറിഗ്ഗ് വൈറ്റ് ഈഗിള്‍സിനായും പന്ത് തട്ടി.

പിന്നീട് മലേഷ്യന്‍ ലീഗില്‍ കളിച്ച ജോയല്‍ 2016ല്‍ വീണ്ടും പെര്‍ത്ത് ഗ്ലോറിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് നാലു സീസണുകളിലും അവരുടെ അവിഭാജ്യ ഘടകമായ ജോയല്‍ 2018-2019 സീസണില്‍ പെര്‍ത്ത് ഗ്ലോറിയെ ലീഗില്‍ റണ്ണറപ്പുകളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എ ലീഗില്‍ ഏഴ് സീസണുകളിലായി 25 ഗോളുകളാണ് ജോയല്‍ നേടിയത്. സിഡ്നി എഫ്‌സിക്കും പെര്‍ത്ത് ഗ്ലോറിക്കുമൊപ്പം എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലും ജോയല്‍ കളിച്ചു.

Powered By