Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെതിരെയും വമ്പന്‍ തോല്‍വി; ആശ്വാസ ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്

ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്.

ISL 2020-2021 Kerala Blasters FC vs Hyderabad FC Match Report
Author
Madgaon, First Published Feb 16, 2021, 9:34 PM IST

മഡ്ഗാവ്: ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് എഫ്‌സിക്കെതിരെയും വമ്പന്‍ തോല്‍വി. എതിരില്ലാത്ത നാല് ഗോളിനാണ് ഹൈദരാബാദിനു മുന്നില്‍ ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. ഇരട്ടഗോളോടെ ഫ്രാന്‍ സന്‍ഡാസയും അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിട്കറുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ കഥ കഴിച്ചത്.

ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. പതിവുപോലെ ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്.

58ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന് സന്‍ഡാസയാണ് സമനില കുരുക്ക് പൊട്ടിച്ച്  ഹൈദരാബാദിനെ മുന്നിലെത്തിച്ചത്. നാലു മിനിറ്റിനകം ജോയല്‍ ചിയാനിസിനെ ബോക്സില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത സന്‍ഡാസക്ക് ഇത്തവണയും പിഴച്ചില്ല.

രണ്ട് ഗോള്‍ മുന്നിലെത്തിയതോടെ പ്രതീക്ഷ നഷ്ടമായ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് പിന്നീട് ശ്രമിച്ചത്. എന്നാല്‍ 86-ാം മിനിറ്റില്‍ ലൂയിസ് സാസ്ട്രേയുടെ പാസില്‍ നിന്ന് അരിഡാനെ സന്‍റാന മാന്യമായ തോല്‍വിയെന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകള്‍ തകര്‍ത്ത് ഹൈദരാബാദിന്‍റെ മൂന്നാം ഗോളും നേടി.

ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ജോവോ വിക്ടറും വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പതനം പൂര്‍ത്തിയായി. ജയത്തോടെ 18 കളികളില്‍ 27 പോയന്‍റുമായി ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 18 കളികളില്‍ 16 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുന്നു.

Follow Us:
Download App:
  • android
  • ios