മഡ്ഗാവ്: ഐഎസ്എല്ലില്‍ ഗോള്‍ പൂരം കണ്ട മത്സരത്തിനൊടുവില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ‍ിന് ആവേശ സമനില. ആവേശം വാനോളം ഉയര്‍ന്ന പോരാട്ടത്തിനൊടുവില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

ജയിച്ചാല്‍ ഗോവയെ മറികടന്ന് നാലാം സ്ഥാനത്തെത്താമായിരുന്ന നോര്‍ത്ത് ഈസ്റ്റ് സമനിലയോടെ 18 കളികളില്‍ 27 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസതമിച്ച ചെന്നൈയിന്‍ 19 കളികളില്‍ 19 പോയന്‍റുമായി എട്ടാം സ്ഥാനത്താണ്.

കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ലീഡെടുത്തു. ജാക്കൂബ് സില്‍വസ്റ്ററിന്‍റെ പാസില്‍ നിന്ന് ലാല്‍ ചാംഗ്തെ ആണ് ചെന്നൈയിനെ മുന്നിലെത്തിച്ചത്. ആറ് മിനിറ്റിനകം നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. ലൂയിസ് മച്ചാഡോയുടെ ക്രോസില്‍ നിന്ന് ഇമ്രാന്‍ ഖാനാണ് നോര്‍ത്ത് ഈസ്റ്റിന് സമനില ഗോള്‍ സമ്മാനിച്ചത്.

36-ാം മിനിറ്റില്‍ മാനുവല്‍ ലാന്‍സറോട്ടെയുടെ ദുര്‍ബലമായൊരു ഫ്രീ കിക്ക് കൈയിലൊതുക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് പരാജയപ്പെട്ടെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി. എന്നാല്‍ 43-ാം മിനിറ്റില്‍ ഖാസാ കാമറയുടെ പാസില്‍ നിന്ന് ഡേഷോണ്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം പകുതിയുടെ തുടക്കത്തിലെ പെനല്‍റ്റി വഴങ്ങി. മാനുവല്‍ ലാന്‍സറോട്ടെയെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് ഗോളാക്കി മാറ്റി ലാന്‍സറോട്ടെ ചെന്നൈയിന് സമനില സമ്മാനിച്ചു.

രണ്ട് മിനിറ്റിനകം എഡ്വിന്‍ വാന്‍സ്പോളിന്‍റെ പാസില്‍ നിന്ന് തന്‍റെ രണ്ടാം ഗോളും നേടി ലാല്‍ ചാംഗ്തെ ചെന്നൈയിന് വീണ്ടും മുന്നിലെത്തിച്ചു. ചെന്നൈയിന്‍ ജയിച്ചു കയറുമെന്ന് കരുതിയ ഘട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ ഇദ്രിസ സില്ലയെ ബോക്സില്‍ വിശാല്‍ കെയ്ത്ത് വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൂയിസ് മച്ചാഡോ പിഴവേതുമില്ലാതെ ഗോള്‍ നേടിയതോടെ മത്സരം 3-3 ആവേശ സമനിലയില്‍ പിരിഞ്ഞു.