Asianet News MalayalamAsianet News Malayalam

രഹ്നേഷ് വീണ്ടും രക്ഷകന്‍; നോര്‍ത്ത് ഈസ്റ്റിനെ മുട്ടുകുത്തിച്ച് ജംഷഡ്‌പൂര്‍

തുടക്കം മുതല്‍ കരുതലോടെ കളിച്ച ഇരുടീമുകളും കാര്യമായ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല. മത്സരത്തിന്‍റെ ആദ്യ പത്തുമിനിട്ടില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്കുതിര്‍ക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

ISL 2020 2021 NorthEast United vs Jamshedpur FC Live Updates
Author
Madgaon, First Published Dec 18, 2020, 9:38 PM IST

വാസ്‌കോ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ജംഷഡ്പൂര്‍ എഫ്‌സി.രണ്ടാം പകുതിയുടെ 53-ാം മിനിട്ടിൽ യുവതാരം അനികേത് ജാദവ് ആണ് ജംഷഡ്പൂരിന്‍റെ വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ജംഷഡ്പൂരിന്‍റെ പെനല്‍റ്റി കിക്ക് തടുത്തിട്ട് മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷ് ഒരിക്കല്‍ കൂടി ജംഷഡ്പൂരിന്‍റെ രക്ഷകനായി.

ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് തോറ്റശേഷം ഒരു ജയവും തുടര്‍ച്ചയായ നാലു സമനിലയും നേടിയ ജംഷഡ്പൂരിന്‍റെ സീസണിലെ രണ്ടാം ജയമാണിത്. അതേസമയം ആറ് കളിയില്‍ രണ്ട് ജയവും നാല് സമനിലയും സ്വന്തമാക്കിയിരുന്ന നോര്‍ത്ത് ഈസ്റ്റിന്‍റെ സീസണിലെ ആദ്യ തോല്‍വിയും. ഇതുവരെ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാക്കാനും വിജയത്തോടെ ജംഷഡ്പൂരിനായി. ജയത്തോടെ 10 പോയന്‍റുമായി ജംഷഡ്പൂര്‍ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതല്‍ കരുതലോടെ കളിച്ച ഇരുടീമുകളും കാര്യമായ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല. മത്സരത്തിന്‍റെ ആദ്യ പത്തുമിനിട്ടില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്കുതിര്‍ക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

15-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം വരുന്നത്. ജംഷഡ്പൂരിന്‍റെ അനികേത് ജാദവ് ഒരു ലോംഗ് റേഞ്ചര്‍ തൊടുത്തെങ്കിലും അത് പോസ്റ്റിന് പുറത്തേക്ക് പോയി. 23-ാം മിനിട്ടില്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്നും നോര്‍ത്ത് ഈസ്റ്റിന് ഫ്രീ കിക്ക് ലഭിച്ചു. കിക്കെടുത്ത അപിയയ്ക്ക് എന്നാല്‍ പന്ത് വലയിലെത്തിക്കാനായില്ല. 41-ാം മിനിട്ടില്‍ ജംഷഡ്പൂരിന്‍റെ എസ്സെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് പോസ്റ്റിലുരുമ്മി കടന്നുപോയി. 43-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഖാസ കമാറയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

രണ്ടാം പകുതിയില്‍ ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച നോര്‍ത്ത് ഈസ്റ്റ് സമനില ഗോളിനായി എല്ലാ ശ്രമങ്ങളും നടത്തി. ഇതിന്‍റെ ഫലമെന്നോണം 64-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. ബോക്സില്‍ നോര്‍ത്ത് ഈസ്റ്റ് താരം ബെഞ്ചമിന്‍ ലാംപര്‍ട്ടിനെ ജംഷഡ്പൂരിന്‍റെ എസ്സെ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ സില്ല എടുത്ത കിക്ക് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് ചാടി രക്ഷപ്പെടുത്തി രഹ്നേഷ് ടീമിന്‍റെ രക്ഷകനായി. 79-ാം മിനിറ്റില്‍ ലീഡ‍ുയര്‍ത്താന്‍ ജംഷഡ്പൂരിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ജാക്കി ചന്ദിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

Follow Us:
Download App:
  • android
  • ios