കൊല്‍ക്കത്ത: മലയാളി താരം സി.കെ. വനീത് ഉൾപ്പടെ ഒമ്പത് ഇന്ത്യൻ താരങ്ങളെ കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ ലോണിൽ വിടുന്നു. അടുത്ത മാസത്തെ മിഡ് സീസൺ ട്രാൻസ്ഫർ ജാലകത്തിലാണ് ഈസ്റ്റ് ബംഗാൾ താരങ്ങളെ കൈമാറ്റം ചെയ്യുക.

സി കെ വിനീതിനൊപ്പം ബൽവന്ത് സിംഗ്,ഗുർത്തേജ് സിംഗ്, റഫീഖ് അലി സർദാർ, യൂജിൻസൺ ലിംഗ്ദോ, സമദ് അലി മാലിക്ക്, അഭിഷേക് അംബേക്കർ, മുഹമ്മദ് ഇർഷാദ്, അനിൽ ചവാൻ എന്നിവരെയാണ് ഈസ്റ്റ് ബംഗാൾ മറ്റ് ടീമുകൾക്ക് നൽകാൻ ഒരുങ്ങുന്നത്.

അരങ്ങേറ്റ സീസണിൽ ആറ് മത്സരം പൂർത്തിയാക്കിയെങ്കിലും ഈസ്റ്റ് ബംഗാളിന് ഇതുവരെ ഒറ്റക്കളിയിലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഈസ്റ്റ് ബംഗാൾ ടീമിൽ വലിയ അഴിച്ചുപണി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗുർത്തേജ് സിംഗ്, ഗോൾകീപ്പർ റഫീഖ് അലി സർദാർ എന്നിവരെ കൊൽക്കത്തൻ ക്ലബ്ബായ മൊഹമ്മദൻസിനാണ് നൽകുന്നത്.

യൂജിൻസൺ ലിംഗ്ദോ മറ്റൊരു ഐ എസ് എൽ ക്ലബ്ബിലേക്ക് പോകുമെന്നാണ് സൂചന. വിനീത് ഉൾപ്പടെയുള്ള ബാക്കി താരങ്ങൾ ഏത് ടീമിലേക്കാണ് പോവുകയെന്ന് ഈസ്റ്റ് ബംഗാൾ വ്യക്തമാക്കിയിട്ടില്ല.