തിലക് മൈതാന്‍: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍-ജെംഷഡ്‌പൂര്‍ ആദ്യപകുതി ഗോള്‍രഹിതം. 24-ാം മിനുറ്റില്‍ യൂജിന്‍സണിനെതിരെ ചുവപ്പ് കാര്‍ഡ് ഉയര്‍ന്നതോടെ ഈസ്റ്റ് ബംഗാള്‍ 10 പേരുമായാണ് ആദ്യപകുതി പൂര്‍ത്തിയാക്കിയത്. 

ഈസ്റ്റ് ബംഗാള്‍ 3-4-2-1 ശൈലിയിലും ജെംഷഡ്‌പൂര്‍ 4-3-3 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. മലയാളി താരം ടി പി രഹനേഷാണ് ജെംഷഡ്‌പൂരിന്‍റെ വല കാക്കുന്നത്. ഈസ്റ്റ് ബംഗാള്‍ നിരയിലും മലയാളി താരമുണ്ട്. പ്രതിരോധത്തില്‍ മുഹമ്മദ് ഇര്‍ഷാദ് കളിക്കുന്നു. 

ആദ്യ 10 മിനുറ്റുകളില്‍ ജെംഷഡ്‌പൂരിന്‍റെ ആധിപത്യമായിരുന്നു. ആറാം മിനുറ്റില്‍ ബോക്‌സില്‍ ലഭിച്ച അവസരം ജെംഷഡ്‌പൂരിന്‍റെ അനികേത് ജാദവ് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു. എന്നാല്‍ വാല്‍സ്‌ക്കിന് ആക്രമിക്കാനുള്ള കാര്യമായ അവസരങ്ങള്‍ ഒരുങ്ങിയില്ല. 19-ാം മിനുറ്റില്‍ വാല്‍സ്‌കസിന്‍റെ ഹെഡറിന് ശക്തി ചോര്‍ന്നുപോയി. 

24-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിനെതിരെ ചുവപ്പ് കാര്‍ഡുയര്‍ന്നു. അലക്‌സ് ലിമയെ ഫൗള്‍ ചെയ്തതിന് മിഡ് ഫീല്‍ഡര്‍ യൂജിന്‍സണ്‍ പുറത്തേക്ക് പോയി. ഇതോടെ 10 പേരായി ചുരുങ്ങി ഈസ്റ്റ് ബംഗാള്‍. 29-ാം മിനുറ്റില്‍ വാല്‍സ്‌കസിന്‍റെ തകര്‍പ്പന്‍ വോളി ബാറിനെ ഉരസി കടന്നുപോയി. 38-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് സ്റ്റീഫന്‍ എസ്സേ മികച്ച ഹെഡര്‍ ഉതിര്‍ത്തെങ്കിലും ബാറില്‍ തട്ടിത്തെറിച്ചു. മൂന്ന് മിനുറ്റ് അധിക സമയവും ടീമുകള്‍ക്ക് മുതലാക്കാനായില്ല.