മഡ്ഗാവ്: ഐഎസ്എല്ലില്‍ നന്നായി പൊരുതിയിട്ടും ആദ്യം ലീഡെടുത്തിട്ടും നോര്‍ത്ത് ഈസ്റ്റിനെതിരെ പരാജയം മുന്നില്‍ക്കണ്ട ഒഡീഷ എഫ്‌സിക്ക് സമനിലയുടെ ആശ്വാസം സമ്മാനിച്ചത് കോള്‍ അലക്സാണ്ടറുടെ മഴവില്‍ വോളി ഗോളായിരുന്നു. ഇതുവരെ കളിച്ച ഏഴ് കളികളില്‍ അഞ്ചും തോറ്റ ഒഡീഷക്ക് പരാജയത്തെക്കുറിച്ച് ചിന്തിക്കാനെ ആവില്ലായിരുന്നു.

അപ്പോഴാണ് അത്ഭുതവോളിയുമായി കോള്‍ ഗോളടിച്ച് ഒഡീഷക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്. ഒഡീഷക്കായി മത്സരത്തിലുടനീളം വീറുറ്റ പോരാട്ടം പുറത്തെടുത്ത കോളിന്‍റെ മികവിനാണ് ഐഎസ്എല്ലിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത്. 8.26 റേറ്റിംഗ് പോയന്‍റോടെയാണ് കോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍ ജനിച്ച കോള്‍ അലക്സാണ്ടര്‍ പ്രാദേശിക ടീമായ ലീഡ്സ് ലെന്‍റഗ്യുറിലാണ് ജൂനിയര്‍ തലത്തില്‍ കളി തുടങ്ങിയത്. 2008ല്‍ അയാക്സ് കേപ്ടൗണിനൊപ്പമായിരുന്നു സീനിയര്‍തലത്തിലെ അരങ്ങേറ്റം. പിന്നീട് വീസ്കോഡ ഗാമയിലും ചിപ്പ യുനൈറ്റഡിലുമെല്ലാം പന്തുതട്ടിയ കോള്‍ 2018ല്‍ ബിഡ്‌വെസ്റ്റ് വിറ്റ്സിലെത്തി.

ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ ബിഡ് വെസ്റ്റിനായി തിളങ്ങഇയശേഷം ഈ സീസണിലാണ് ഒഡീഷയുടെ മധ്യനിരയുടെ അമരത്ത് കോള്‍ എത്തിയത്. ഐഎസ്എല്ലില്‍ കളിക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ഫുട്ബോളറെന്ന പ്രത്യേകതയും കോളിനുണ്ട്.

Powered By