ജയത്തോടെ ഹൈാജരാബാദ് പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുംബൈയാകട്ടെ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു. 

ബംബോലിന്‍: ഐഎസ്എല്ലിലെ(ISL) ആവേശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ(Mumbai City FC) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞശേഷം രണ്ടം പകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ രണ്ടു ഗോളുകള്‍ പിറന്നത്.

ഹൈദരാബാദിനായി ജോവോ വിക്ടറും(Joao Victor) ബര്‍തൊലോമ്യു ഒഗ്ബെച്ചെയും(Bartholomew Ogbech) പകരക്കാരനായി ഇറങ്ങിയ 19കാരന്‍ രോഹിത് ദാനുവും(Rohit Danu) ലക്ഷ്യം കണ്ടപ്പോള്‍ ആഹമ്മദ് ജാഹോ(Ahmed Jahouh) ആണ് മുംബൈയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ഹൈാജരാബാദ് പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുംബൈയാകട്ടെ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു.

ആറാം മിനിറ്റില്‍ മുംബൈ ആണ് ആദ്യം ലീഡെടുത്തത്. ആഹമ്മദ് ജാഹോ ആയിരുന്നു സ്കോറര്‍. ഹൈദരാബാദ് പ്രതിരോധം പിളര്‍ത്തി ഒറ്റക്ക് മുന്നേറിയ ജാഹോ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പന്ത് വലയിലാക്കി. എന്നാല്‍ മുംബൈയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ലെന്ന് മാത്രം.

പതിമൂന്നാം മിനിറ്റില്‍ ജോയല്‍ ചിയാനീസിനെ ബോക്സില്‍ വീഴ്ത്തിയതിന് ഹൈദരാബാദിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. സ്പോട് കിക്കെടുത്ത ക്യാപ്റ്റന്‍ ജോവാ വിക്ടറിന് പിഴച്ചില്ല. ഹൈദരാബാദ് മുംബൈക്ക് ഒപ്പമെത്തി. ആദ്യ പകുതിയില്‍ പിന്നീട് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇരു ടീമിനുമായില്ല.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ ലീഡെടുത്ത് ഹൈദരാബാദ് മുന്‍തൂക്കം നേടി. തന്‍റെ പഴയ ക്ലബ്ബിനെതിരെ ഒഗ്ബെച്ചെയാണ് ഹൈദരാബാദിന് ലീഡ് സമ്മാനിച്ചത്. ഗോള്‍ തിരിച്ചടിക്കാന്‍ മുംബൈ പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെ പകരക്കാരനായി ഇറങ്ങിയ രോഹിത് ദാനു 82-ാ മിനിറ്റില്‍ മുംബൈയുടെ സമനില തെറ്റിച്ച് ഹൈദരാബാദിന്‍റെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. ഹൈദരാബാദ് പ്രതിരോധകോട്ട കാത്ത ക്യാപ്റ്റന്‍ ജാവോ വിക്ടറാണ് കളിയിലെ താരം.