മുംബൈ സിറ്റി എഫ്‌സിക്കെതിരായ (Mumbai City FC) മത്സരത്തില്‍ ചെന്നൈയിന്‍ തോല്‍വി രുചിച്ചു. 86-ാം മിനിറ്റില്‍ രാഹുല്‍ ബെഹ്‌കെയാണ് മുംബൈയുടെ ഗോള്‍ നേടിയത്. മത്സരരത്തില്‍ മുന്‍തൂക്കവും മുംബൈക്കായിരുന്നു. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ചെന്നൈയിന്‍ എഫ്‌സിയുടെ (Chennaiyin FC) അപരാജിത വരവിന് അവസാനം. ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ (Mumbai City FC) മത്സരത്തില്‍ ചെന്നൈയിന്‍ തോല്‍വി രുചിച്ചു. 86-ാം മിനിറ്റില്‍ രാഹുല്‍ ബെഹ്‌കെയാണ് മുംബൈയുടെ ഗോള്‍ നേടിയത്. മത്സരരത്തില്‍ മുന്‍തൂക്കവും മുംബൈക്കായിരുന്നു. ജയത്തോടെ മുംബൈ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ആറ് മത്സരങ്ങളില്‍ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമതാണ്.

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുംബൈ തന്നെയായിരുന്നു മുന്നില്‍. മത്സരത്തില്‍ 70 ശതമാനവും പന്ത് മുംബൈക്കൊപ്പമായിരുന്നു. 15 ഷോട്ടുകളാണ് തൊടുത്തത്. ഇതില്‍ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. ഗോള്‍വര കടന്നത് ഒരെണ്ണം മാത്രം. മറുവശത്ത് ചെന്നൈ ഏഴ് ഷോട്ടുകള്‍ തൊടുത്തു. രണ്ടെണ്ണം മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിച്ചത്. 

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. നിലവിലെ ചാംപ്യന്മാരായ മുംബൈ അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു. ചെന്നൈയിന്റെ അമിത പ്രതിരോധവും വിലങ്ങുതടിയായി. എന്നാല്‍ 86 -ാം മിനിറ്റില്‍ വിജയഗോളെത്തി. അഹമ്മദ് ജഹൗഹിന്റെ പാസില്‍ തലവച്ച് രാഹുല്‍ വലകുലുക്കി. 

നാളെ ഐഎസ്എല്ലിനെ മുന്‍ ചാംപ്യന്‍ന്മാര്‍ നേര്‍ക്കുനേര്‍ വരും. എടികെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്‌സിയെയാണ് നേരിടുന്നത്. നിലവില്‍ ആറാം സ്ഥാനത്താണ് എടികെ. ബംഗളൂരു ഒമ്പതാം സ്ഥാനത്തും.