Asianet News MalayalamAsianet News Malayalam

ISL : അവസരങ്ങള്‍ തുലച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്; ഒരു ഗോളടിച്ച ഒഡീഷയ്ക്ക് ജയം

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 81-ാം മിനിറ്റില്‍ ജോനതാസ് ഡി ജീസസ് നേടിയ ഗോളാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഒഡീഷ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തണ്.

ISL Odisha FC won over North East United by late goal
Author
Fatorda Stadium, First Published Dec 10, 2021, 10:00 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ഒഡീഷ എഫ്‌സി (Odisha FC) ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈഡിനെ (North East United) എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 81-ാം മിനിറ്റില്‍ ജോനതാസ് ഡി ജീസസ് നേടിയ ഗോളാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഒഡീഷ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തണ്. അഞ്ച് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച നോര്‍ത്ത് ഈസ്റ്റ് നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

പന്തടക്കത്തില്‍ ഒഡീഷയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് നോര്‍ത്ത് ഈസ്റ്റായിരുന്നു. 19 ഷോട്ടുകളാണ് നോര്‍ത്ത ഈസ്റ്റ് താരങ്ങളില്‍ നിന്നുണ്ടായത്. ഇതില്‍ രണ്ടെണ്ണം ഗോള്‍ കീപ്പറെ പരീക്ഷിച്ചു. മറുവശത്ത് ഒഡീഷയാവട്ടെ നാല് തവണ നോര്‍ത്ത് ഗോള്‍ കീപ്പര്‍ക്ക് ജോലിയുണ്ടാക്കി. ഇതില്‍ ഒരെണ്ണം ഗോള്‍വര കടക്കുകയും ചെയ്തു. 

81-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. തൊയ്ബ സിംഗ് മൊയ്‌രാംഗ്‌തേമിന്റെ ക്രോസ് ജോനതാസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. താരത്തിന്റെ ആദ്യ ഐഎസ്എല്‍ ഗോളായിരുന്നു ഇത്. മത്സരം അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് മാത്രമുള്ള ഗോള്‍ തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. മാത്രമല്ല, മുമ്പ് നഷ്ടമാക്കിയ രണ്ട് സുവര്‍ണാവസരങ്ങള്‍ക്ക് കനത്ത വിലയും നേല്‍കേണ്ടി വന്നു. 

നാളെ രണ്ട് മത്സരങ്ങളാണുള്ളത്.  7.30ന നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. 9.30ന് ഗോവ എഫ്‌സി- ബംഗളൂരു എഫ്‌സി ഗ്ലാമര്‍ പോരും നടക്കും.  

Follow Us:
Download App:
  • android
  • ios