ബംബോലിം: മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷിന്‍റെ സൂപ്പര്‍ സേവുകളുടെ മികവില്‍ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി പൊരുതിയിട്ടും മുംബൈ സിറ്റി എഫ്‌സിക്കെതിരെ  സമനില പിടിച്ചുവാങ്ങി ജംഷഡ്‌പൂര്‍ എഫ്‌സി. സംഭവബഹുലമായ ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും ഒരു ചുവപ്പുകാര്‍ഡും പിറന്നത്. എട്ടാം മിനിറ്റില്‍ വാല്‍സ്‌കിസ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചപ്പോള്‍ പതിനഞ്ചാം മിനിറ്റില്‍ ഒഗ്ബെച്ചെ മുംബൈയെ ഒപ്പമെത്തിച്ചു.

82-ാം മിനിട്ടില്‍ മുംബൈയുടെ ഗോളെന്നുറച്ച ഷോട്ട് രണ്ടു തവണ തട്ടിയകറ്റിയ മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് ജംഷഡ്‌പൂരിനെ സമനില തെറ്റാതെ കാത്തു. 28-ാം മിനിട്ടില്‍ ജംഷഡ്‌പൂരിന്‍റെ ഐടര്‍ മണ്‍റോയ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ജംഷഡ്‌പൂര്‍ കളിയുടെ തുടക്കത്തില്‍ തന്നെ പത്തുപേരായി ചുരുങ്ങി.

കളി തുടങ്ങി ആദ്യ ടച്ചില്‍ തന്നെ മികച്ച ആക്രമണമാണ് മുംബൈ അഴിച്ചുവിട്ടത്. ആദ്യ മിനിട്ട് പിന്നിടുന്നതിന് മുന്‍പ് തന്നെ മുംബൈ മുന്നേറ്റനിര ജംഷഡ്‌പൂര്‍ ബോക്‌സില്‍ ഇരച്ചുകയറി. തുടര്‍ച്ചയായി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് മുംബൈ കളം നിറഞ്ഞതോടെ ആദ്യ മിനിട്ടുകളില്‍ ജംഷഡ്‌പൂര്‍ വിയര്‍ത്തു.

എന്നാല്‍ മുംബൈ എഫ്.സിയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തില്‍ തന്നെ ജംഷഡ്‌പൂര്‍ ഗോള്‍ നേടി. മുംബൈയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് എട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം നെരിയസ് വാല്‍സ്‌കിസാണ് ജംഷഡ്‌പൂരിനായി സ്‌കോര്‍ ചെയ്തത്.  വാല്‍സ്‌കിസിന്‍റെ സീസണിലെ ആറാം ഗോളാണിത്.

ഒരു ഗോള്‍ വഴങ്ങിയതോടെ മുംബൈ ഉണര്‍ന്നുകളിച്ചു. അതിന് 15-ാം മിനിട്ടില്‍ ഫലവും ലഭിച്ചു. മികച്ച പാസിംഗ് ഗെയിമിലൂടെ മുംബൈ സമനില ഗോള്‍ നേടി. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗോള്‍കീപ്പര്‍ രഹ്നെഷിനെ നിസ്സഹായനാക്കി ഒഗ്‌ബെച്ചെ മികച്ച ഷോട്ടുതിര്‍ത്ത് വലകുലുക്കി.

41-ാം മിനിട്ടില്‍ ജംഷഡ്‌പൂരിന്‍റെ ജാക്കിചന്ദ് സിംഗിന്‍റെ ഒരു കിടിലന്‍ ലോംഗ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ തട്ടിയകറ്റി. പത്തുപേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയിലും ജംഷഡ്പൂര്‍ പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുംബൈ മുന്നേറ്റനിരയെ തടയാന്‍ നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലിയും സംഘവും നന്നായി തന്നെ ശ്രമിച്ചു. 78-ാം മിനിട്ടില്‍ അതിമനോഹരമായി വാല്‍സ്‌കിസ് മുംബൈയുടെ ഗോള്‍വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

Powered By