നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ തര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. സഹല്‍ അബ്ദു സമദ്, അല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്.

ഫറ്റോര്‍ഡ: കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters) ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന ദിവസമാണിന്ന്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) വമ്പന്‍ ജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ തര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. സഹല്‍ അബ്ദു സമദ്, അല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. താരങ്ങള്‍ക്കും ആരാധകര്‍ക്കുമൊപ്പം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും (Ivan Vukomanovic) സന്തോഷത്തിലാണ്.

അദ്ദേഹം മത്സരശേഷം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ജയത്തില്‍ അഭിമാനം മാത്രമൊള്ളൂവെന്നാണ് പരിശീലകന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു പരിശീലകനെന്ന നിലയില്‍ ഇന്നത്തെ മത്സരഫലത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്കാണ് ഞാനിന്നത്തെ വിജയം സമര്‍പ്പിക്കുന്നത്. വരും മത്സരങ്ങളിലും പോസിറ്റീവായ ഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 

മുംബൈ സിറ്റിക്കെതിരെ ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നു. നന്നായി പ്രസ് ചെയ്യുകയെന്നായിരുന്നു പദ്ധതി. അത് വിജയിക്കുകയും ചെയ്തു. തുടക്കം മുതല്‍ താരങ്ങള്‍ ആത്മവിശ്വാസം കാണിച്ചു. അഹമ്മദ് ജഹൂഹ്, അപൂയ എന്നിവരെ പൂട്ടിയിടാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കായി. അവിടെയാണ് വിജയവും സംഭവിച്ചത്.'' വുകോമനോവിച്ച് വ്യക്തമാക്കി. 

ജയത്തോടെ ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്്‌സ് അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 15 പോയിന്റുള്ള മുംബൈ ഒന്നാമത് തുടരുന്നു. അവരുടെ രണ്ടാമത്തെ തോല്‍വിയാണിത്.