Asianet News MalayalamAsianet News Malayalam

കൊമ്പൻമാർക്ക് വഴികാട്ടാനായില്ല; പരീശീലകൻ കിബു വികൂനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി

പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് എഫ്‌സിക്കെതിരെയും വമ്പന്‍ തോല്‍വിയാണ് പിണഞ്ഞത്

Kerala Blasters head coach Kibu Vicuna out
Author
Kochi, First Published Feb 17, 2021, 12:03 AM IST

കൊച്ചി: ഹൈദരാബാദ് എഫ്‌സിക്കെതിരായ വമ്പൻ തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കി. സീസണിലെ ടീമിന്‍റെ ദയനീയ പ്രകടനമാണ് പരിശീലകൻ കിബു വികൂനയ്ക്ക് തിരിച്ചടിയായത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് എഫ്‌സിക്കെതിരെയും വമ്പന്‍ തോല്‍വിയാണ് പിണഞ്ഞത്. ഇതിന് പിന്നാലെയാണ് മാനേജ്മെൻ്റ് കടുത്ത നിലപാടിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ. സീസണിൽ 18 മത്സരങ്ങളിൽ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.

 എതിരില്ലാത്ത നാല് ഗോളിനാണ് അവസാനമത്സരത്തിൽ ഹൈദരാബാദിനു മുന്നില്‍ കൊമ്പൻമാർ അടിയറവ് പറഞ്ഞത്. ഇരട്ടഗോളോടെ ഫ്രാന്‍ സന്‍ഡാസയും അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിട്കറുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ കഥ കഴിച്ചത്. ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. പതിവുപോലെ ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്.

രണ്ട് ഗോള്‍ മുന്നിലെത്തിയതോടെ പ്രതീക്ഷ നഷ്ടമായ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് പിന്നീട് ശ്രമിച്ചത്. എന്നാല്‍ 86-ാം മിനിറ്റില്‍ ലൂയിസ് സാസ്ട്രേയുടെ പാസില്‍ നിന്ന് അരിഡാനെ സന്‍റാന മാന്യമായ തോല്‍വിയെന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകള്‍ തകര്‍ത്ത് ഹൈദരാബാദിന്‍റെ മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ജോവോ വിക്ടറും വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പതനം പൂര്‍ത്തിയായി. ജയത്തോടെ 18 കളികളില്‍ 27 പോയന്‍റുമായി ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 18 കളികളില്‍ 16 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുന്നു.

Follow Us:
Download App:
  • android
  • ios