മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മൂന്നാം മത്സരത്തിന്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. എടികെ മോഹന്‍ ബഗാനെതിരായ തോല്‍വിക്കും, നോര്‍ത്ത് ഈസ്റ്റിനെതിരായ സമനിലയ്ക്കും ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. 

ഓഗ്ബച്ചെക്ക് പകരമെത്തിയ ഗാരി ഹൂപ്പര്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത മികവിലേക്കുയര്‍ന്നിട്ടില്ല. സഹല്‍ അദ്ബുല്‍ സമദും കെ പി രാഹുലും പരിശീലനത്തില്‍ സജീവമെങ്കിലും ആദ്യ ഇലവനില്‍ വേണോയെന്നതില്‍ മത്സരത്തലേന്നും തീരുമാനമായില്ല.

ജംഷഡ്പൂരിനെ വീഴ്ത്തിയ ചെന്നൈയിന്‍ ലക്ഷ്യമിടുന്നത് തുടരച്ചയായ രണ്ടാം ജയം. സീസണിലെ ഏറ്റവും മികച്ച താരങ്ങലിലൊരാളെന്ന് കിബു തന്നെ വിശേഷിപ്പിച്ച റാഫേല്‍ ക്രിവെയാറോയെ തടയുകയാകും മഞ്ഞപ്പയുടെ പ്രധാന വെല്ലുവിളി.

ഇന്ന് ആദ്യ മത്സരത്തില്‍ ജംഷഡ്പൂര്‍, ഒഡീഷയെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയില്‍ നാലാം സ്ഥാനത്തും. ഒരു മത്സരം മാത്രം കളിച്ച ജംഷഡ്പൂര്‍ ഒമ്പതാം സ്ഥാനത്താണ്. ഒഡീഷ പത്താം സ്ഥാനത്തുണ്ട്.