ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടിയും തിരിച്ചടിയുമായി കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ക്ലൈറ്റണ്‍ സില്‍വ ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. പ്രതിരോധത്തിലെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.

ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇരു ടീമുകളുടേതും. അതിന്റെ ഫലമായി 17ാം മിനിറ്റില്‍ ആദ്യ ഗോളും പിറന്നു. ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ടര്‍ അറ്റാക്കാണ് ഫലം കണ്ടത്. ബംഗളൂരുവിന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ നിന്ന് തട്ടിയെടുത്ത ഗാരി ഹൂപ്പര്‍ മധ്യവരയ്ക്കപ്പുറം വരെ ഒറ്റയ്ക്ക് മുന്നേറി. ബോക്‌സിന് പുറത്തുവച്ച് വലത് വിംഗിലൂടെ ഓടിയ രാഹുലിന് താരം പന്ത് മറിച്ചുകൊടുത്തു. യുവതാരത്തിന്റെ നിലം പറ്റെയുള്ള ഷോട്ട് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ മറികടന്നു.

എന്നാല്‍ 29ാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് ബ്ലാസ്റ്റേഴ്‌സിന് വിനയായി. പ്രതിരോത്തില്‍ ലാല്‍റുവത്താരക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് പറ്റിയപ്പോള്‍ സില്‍വ അനായാസം വലകുലുക്കി. സാധാരണയായി ഇടത് വിംഗില്‍ കളിക്കാറുള്ള ലാല്‍റുവത്താര സെന്‍ട്രല്‍ ഡിഫന്‍ഢറായിട്ടാണ് ഇന്ന് കളിച്ചത്. ഈ പൊസിഷനിലെ പരിചയസമ്പത്തില്ലായ്മയ്ക്ക് കനത്ത വിലയാണ് ബ്ലാസ്റ്റേഴ്‌സിന് നല്‍കേണ്ടിവന്നത്.