ലക്ഷ്യത്തിലേക്ക് 10 തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഷോട്ടുകളുതിര്‍ത്തത്. എന്നാല്‍ വിജയത്തിനിടയില്‍ മഞ്ഞപ്പടയുടെ വില്ലനായത് അമ്രീന്ദറിന്റെ പ്രകടനമായിരുന്നു.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ സിറ്റി എഫ്‌സി ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ്. ഈ പ്രകടനം താരത്തിന് ഹീറോ ഓഫ് മാച്ച് പുരസ്‌കാരവും സമ്മാനിച്ചു. മത്സരത്തിലുടനീളം കേരളത്തെ പ്രതിരോധിച്ച് നിര്‍ത്തിയത് അമ്രീന്ദറിന്റെ പ്രകടനമായിരുന്നു.

ലക്ഷ്യത്തിലേക്ക് 10 തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഷോട്ടുകളുതിര്‍ത്തത്. എന്നാല്‍ വിജയത്തിനിടയില്‍ മഞ്ഞപ്പടയുടെ വില്ലനായത് അമ്രീന്ദറിന്റെ പ്രകടനമായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അമ്രീന്ദര്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പറായത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ അമ്രീന്ദര്‍ പുറത്തെടുത്ത പ്രകടനം. 

ബെംഗളൂരു എഫ് സിക്ക് വേണ്ടി ഐ ലീഗില്‍ ബൂട്ടുകെട്ടിയിരുന്ന അമ്രീന്ദര്‍ 2016ല്‍ ലോണിലാണ് മുംബൈ സിറ്റിയില്‍ എത്തിയത്. 2016ല്‍ ആറ് ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ഡന്‍ ഗ്ലൗവ് സ്വന്തമാക്കിയ അമ്രീന്ദറിനെ മുംബൈ കൈവിട്ടില്ല.

2017-18ല്‍ അതിലും മികച്ച പ്രകടനമായിരുന്നു അമ്രീന്ദര്‍ പുറത്തെടുത്തത്. 55 സേവുകളാണ് സീസണില്‍ അമ്രീന്ദര്‍ നടത്തിയത്. ലീഗില്‍ ഒരു ഗോള്‍ കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. 2018-19 സീസണില്‍ 19 മത്സരങ്ങളില്‍ ഏഴ് ക്ലീന്‍ ഷീറ്റുകളാണ് അമ്രീന്ദര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയെങ്കിലും മുംബൈ പ്ലേ ഓഫ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. പഞ്ചാബ് സ്വദേശിയായ അമ്രീന്ദര്‍ മുംബൈയിലെത്തുന്നതിന് മുമ്പ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടിയും പൂനെ എഫ് സിക്കു വേണ്ടിയും ഗ്ലൗവ് അണിഞ്ഞിട്ടുണ്ട്.