കാഞ്ഞങ്ങാട്: അടുത്ത സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്. അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവം കൊല്ലത്തെത്തുമ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെക്കൻ ജില്ലകളിലേക്ക് കലോത്സവം എത്തുകയാണ്. വൈകിട്ട് 3.30-ന് നടക്കുന്ന സമാപനച്ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്വർണ്ണക്കപ്പിനായി പോരാട്ടം മുറുകുകയാണ്. കോഴിക്കോട്, കണ്ണൂ‍ർ, പാലക്കാട് ജില്ലകൾ ഇഞ്ചോടിഞ്ച് മത്സരം തുടരുകയാണ്. വൈകീട്ട് 3.30ഓടെ പ്രധാനവേദിയിൽ സമാപനസമ്മേളനം നടക്കും.

കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് കോഴിക്കോടും പോരാടി നേടിയ കിരീടം നിലനിർത്താൻ പാലക്കാടും രണ്ടു പതിറ്റാണ്ടിന് ശേഷം കിരിടം നാട്ടിലേക്ക് കൊണ്ടു പോകാൻ കണ്ണൂരും കച്ചമുറുക്കിയതോടെ കിരീടപ്പോരാട്ടത്തിന്റെ ആവേശം ക്ലൈമാക്സ് വരെ തുടരുമെന്നുറപ്പായി.

കലയുടെ രാപ്പകലുകൾക്ക് വിടപറയുകയാണ് കാഞ്ഞങ്ങാട്. കാണികളുടെ നിറസാന്നിധ്യമായിരുന്നു നാലു ദിവസത്തേയും പ്രധാനപ്രത്യേകത. അവസാന ദിവസവും നിറഞ്ഞ സദസ്സിന്‍റെ മുന്നിലാണ് പ്രധാനവേദിയിൽ മത്സരങ്ങൾ അരങ്ങേറുന്നത്.

അവസാനദിനത്തിൽ 11 വേദികളിൽ മാത്രമാണ് മത്സരം നടക്കുന്നത്. നാടോടിനൃത്തം, മാർഗ്ഗംകളി, സ്കിറ്റ്, ദേശഭക്തിഗാനം എന്നിവയാണ് ഇന്ന് അരങ്ങിനെ സമ്പന്നമാക്കിയത്.

മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളാകും.

പോയന്‍റ് പട്ടികയുടെ തത്സമയവിവരങ്ങൾ ഇവിടെ കാണാം.