എല്ലാ ക്ഷേമപെന്‍ഷനുകളും കൂട്ടുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ക്ഷേമപെന്‍ഷനുകള്‍ 1300 രൂപയാക്കി. എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപയാണ് കൂട്ടിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കമ്പോഴും ഹൃദയം തൊടുന്ന ബജറ്റ് പ്രഖ്യാപനവുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക്. എല്ലാ ക്ഷേമപെന്‍ഷനുകളും കൂട്ടുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ക്ഷേമപെന്‍ഷനുകള്‍ 1300 രൂപയാക്കി. എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപയാണ് കൂട്ടിയിരിക്കുന്നത്.

അതേസമയം, 2009-ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ വളർച്ചാ നിരക്കുണ്ടാകൂ എന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നു. ഇപ്പോൾ കേന്ദ്രം സ്വീകരിക്കുന്ന നയം തെറ്റാണ്. വ്യക്തികളെപ്പോലെ സർക്കാരും പ്രവർത്തിക്കരുത്. സാധാരണക്കാർക്കല്ല, കോർപ്പറേറ്റുകൾക്കാണ് നികുതിയിളവ് ലഭിക്കുന്നത്.

ഇത് തൊഴിലാളികൾക്കും കർഷകർക്കും മേൽ വൻ പ്രഹരമേൽപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‍ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറച്ചത് കേരളത്തിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം വിവരിച്ചു. നികുതിവരുമാനം 10113 കോടി രൂപ കുറയുമെന്നും ഐസക്ക് ചൂണ്ടികാട്ടി.