തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് താങ്ങാകുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പതിനായിരം നേഴ്സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്സ് നടത്തും. ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൂടാതെ, ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് ഉത്പാദനത്തിലേക്ക് കടക്കുകയാണ്. കാന്‍സറിനുള്ള മരുന്നിന്‍റെ വില കുറയ്ക്കാനാകുമെന്നും പറഞ്ഞ മന്ത്രി കാരുണ്യ ആനുകൂല്യങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,  സംസ്ഥാനത്ത് സിൽവര്‍ ലൈൻ റെയിൽ പാത യാഥാര്‍ത്ഥ്യത്തിലക്ക് അടുക്കുകയാണെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു. ആകാശ സര്‍വെ പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണ്. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു. കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയാണ് ഇതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു, വെറുമൊരു റെയില്‍ പാത മാത്രമല്ല. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

പല അന്താരാഷ്ട്ര ഏജന്‍സികളും കേരളത്തിന്‍റെ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  2020-ല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂര്‍ത്തിയാക്കും. നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താം.  2025ആകുമ്പോഴേക്കും  67740 ദിവസയാത്രക്കാരും 2051 ൽ 1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടൽ.