കണ്ണൂർ: കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കാനായി സ്വദേശി രാജേഷ് ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 45 വയസായിരുന്നു. 

ഒമ്പതാം തീയതിയാണ് രാജേഷിനെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്‍റ് ആണ് രാജേഷ്. ഇദ്ദേഹത്തിന്‍റെ മകൾക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.