ക്ഷേമ പെന്‍ഷനുകളുടെ തുക 100 രൂപ വര്‍ധിപ്പിച്ച് 1,300 രൂപ ആക്കിയത് അടക്കമുളള നിരവധി ജനക്ഷേമ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും പുതിയ പദ്ധതികളും വന്‍ തുക വകയിരുത്തലും ഉണ്ടായി. എന്നാല്‍, നിലവില്‍ ട്രഷറി പ്രതിസന്ധി അടക്കം നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം ഈ പദ്ധതികളിലേക്കും പ്രഖ്യാപനങ്ങളിലേക്കും എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യം പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഉയരുന്നുണ്ട്. 

കഴിഞ്ഞ  ലോക്സഭാ തിരഞ്ഞെടുപ്പിന്  മുമ്പ്  ജിഎസ്ടി  നിരക്കുകൾ കുത്തനെ  വെട്ടിക്കുറച്ചത് വരുമാനം കുറയാന്‍ കാരണമായതായി ബജറ്റ് രേഖയില്‍ തന്നെ തോമസ് ഐസക് പറയുന്നു. ഇതിനൊപ്പം മാന്ദ്യം നികുതി പിരിവിനെ ബാധിച്ചതായും ഈ  വർഷത്തെ പ്രതീക്ഷിത  നികുതി  വരുമാനത്തിൽ  10,113  കോടിയുടെ  കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറയുന്നു. ജിഎസ്ടി നഷ്ടപരിഹാരം സമയത്ത് ലഭിക്കുന്നില്ലെന്നും കേന്ദ്രവിഹിതത്തില്‍ 8,330 കോടിയുടെ കുറവുണ്ടായതായും പ്രളയ സഹായം കേന്ദ്ര സർക്കാർ കേരളത്തിന് നിഷേധിച്ചിക്കുകയാണെന്നും പ്രസംഗത്തില്‍ തോമസ് ഐസക് പറഞ്ഞു. 

ഇതോടൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന 15-ാം ധനകാര്യ കമ്മിഷൻ നിർദ്ദേശങ്ങൾ. ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, 2020-21 സാമ്പത്തിക വർഷത്തേക്ക് കേരളത്തിനായിട്ടുള്ള കേന്ദ്ര വിഹിതത്തിൽ 1164.41 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2019 - 20 ൽ 16,401.05 കോടി ആയിരുന്നു കേരളത്തിനുള്ള കേന്ദ്ര വിഹിതമെങ്കിൽ 2020 - 21 ൽ അതു  15, 236.44 കോടിയായി കുറഞ്ഞു. ഈ കണക്കുകള്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാകുമോ എന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. 

3,000  കോടി  രൂപ  ഒറ്റയടിക്ക് വെട്ടിക്കുറിച്ചു

ഇതിനെക്കാള്‍ കേരള സര്‍ക്കാരിനെ അപകടത്തിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സംസ്ഥാനങ്ങള്‍ക്കുളള വായ്പ നയത്തിലുണ്ടായ മാറ്റം. സംസ്ഥാന ബജറ്റ് രേഖയിലെ വരികള്‍ ഇങ്ങനെ, "സംസ്ഥാനെത്ത  സാമ്പത്തികമായി  ശ്വാസം മുട്ടിക്കുന്ന  ധനസമീപനമാണ്  കേന്ദ്രസർക്കാരിന്‍റേതെന്ന് വ്യക്തമാണ്.  നമ്മുടെ  സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ മൂന്നു ശതമാനമാണ് വായ്പയായി  അനുവദിക്കുക.  അങ്ങനെ സംസ്ഥാന  ബജറ്റിൽ  24915  കോടി  രൂപ ലഭിക്കുമെന്നാണ്  വകയിരുത്തിയത്.  എന്നാൽ, വർഷം  പകുതിയായേപ്പാൾ  ഈ  വായ്പയിൽ നിന്ന് 5325  േകാടി  രൂപ  വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം  അറിയിച്ചു.  ഈ  പുതിയ  മാനദണ്ഡ പ്രകാരവും  അവസാന  പാദത്തിൽ  4900  കോടി രൂപ  വായ്പയെടുക്കാൻ  നമുക്ക്  അനുവാദമുണ്ടായിരുന്നു.  എന്നാൽ,  ഇതിൽനിന്ന്  3,000  കോടി  രൂപ ഒറ്റയടിക്ക്  വീണ്ടും വെട്ടിക്കുറിച്ചു. അങ്ങനെ  നമുക്ക്  ഇനി 1920  കോടി  രൂപയെ വായ്പെയടുക്കാൻ അനുവാദമുള്ളൂ.  ഇതിൽ 1480  കോടി  രൂപ   2009 ൽ വായ്പെയടുത്തതിന്‍റെ  തിരിച്ചടവായി  കേന്ദ്രസർക്കാരിനു  കൊടുക്കുകയും  വേണം. ഫലത്തിൽ  അവസാന  മൂന്നു  മാസം  കേരള  സർക്കാരിന്  അസൽ  വായ്പ  ഒന്നുമില്ലെന്നു  പറയാം".  

പിണറായി സര്‍ക്കാരിന്‍റെ ബജറ്റില്‍  സംസ്ഥാനത്തിന്‍റെ പൊതുകടം അടുത്ത സാമ്പത്തിക വര്‍ഷം 84,491 കോടിയായി ഉയരുമെന്നും കണക്കുകൂട്ടുന്നു. മാത്രവുമല്ല ബജറ്റ് കമ്മി മൂന്ന് ശതമാനത്തില്‍ നിര്‍ത്തിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ധനമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു. 

2013-14നും  2018-19നും  ഇടയിൽ  സംസ്ഥാന സർക്കാരിന്‍റെ  ചെലവുകൾ  ശരാശരി 16.13 ശതമാനമാണ് വളർന്നത്. എന്നാൽ, അതേസമയം ഈ കാലയളവിൽ സർക്കാരിന്‍റെ റവന്യൂ വരുമാനം  13.26 ശതമാനം  മാത്രമേ വളർന്നുള്ളൂ. വരുമാനവും  ചെലവും  തമ്മിലുള്ള  ഈ  വിടവ് ധനപതിസന്ധിക്ക്  ആക്കം  കൂട്ടിയിരിക്കുകയാണെന്നും ബജറ്റിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികള്‍ക്കും നീക്കിയിരിപ്പുകള്‍ക്കും പണം കണ്ടെത്തുന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. 

പിണറായി സര്‍ക്കാരിന്‍റെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്

2020 -21 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14, 635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചെലവ് 1,29,837 കോടിയും റവന്യു കമ്മിയും 15,201 കോടിയുമായേക്കും. എന്നാല്‍, 2020 -21 വര്‍ഷത്തിലെ ചെലവ് നടപ്പ് വര്‍ഷത്തെക്കാള്‍ 15 ശതമാനം കൂടുതലായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സാമ്പത്തിക ഞെരുക്കത്തിന്‍റെ ഇടയില്‍ ഈ റവന്യു വരുമാന ലക്ഷ്യം സര്‍ക്കാരിന് നേടിയെടുക്കാനാകുമോ എന്നതില്‍ സംശയമാണെന്നാണ് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വരുന്ന വര്‍ഷവും പദ്ധതി വെട്ടിച്ചുരുക്കലിലൂടെ മുന്നോട്ട് പോയേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരമുളള റവന്യു വരവ് 99,042 കോടിയും റവന്യു ചെലവ് 1,16,516 കോടി രൂപയുമായിരുന്നു. റവന്യു കമ്മി 17,474 കോടിയും. 

ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം മാത്രമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം പ്രഖ്യാപിച്ച കെട്ടിട നികുതി ഇനത്തിലെ വര്‍ധനവും വാഹന നികുതി ഇനത്തില്‍ വരുത്തിയ വര്‍ധനവും സര്‍ക്കാരിന്‍റെ ഖജനാവിന് മറുഭാഗത്ത് വരുന്ന വലിയ വരുമാന നഷ്ടത്തിന് പരിഹാരമാകില്ലെന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്. 

രണ്ട് ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതിയാണ് സര്‍ക്കാര്‍ ബജറ്റിലൂടെ വര്‍ധിപ്പിച്ചത്. പുനര്‍വിന്യാസങ്ങളിലൂടെയും ചിലവ് ചുരുക്കലുകളിലൂടെയും 2,500 കോടി രൂപയുടെ അധികച്ചിലവ് ഒഴിവാക്കാനാവുമെന്നാണ് ധനമന്ത്രി കണക്കാക്കുന്നതെങ്കിലും ഇതിന് കടുത്ത എതിര്‍പ്പ് ജീവനക്കാരുടെ ഭാഗത്ത് നിന്നും എല്‍ഡിഎഫ് ഘടക കക്ഷികളില്‍ നിന്നും ഉണ്ടാകാനാണ് സാധ്യത.