Asianet News MalayalamAsianet News Malayalam

പ്രതിസന്ധി കാലത്ത് ജനക്ഷേമം ലക്ഷ്യമിട്ട് 'ഐസക് മാജിക്'; നിക്ഷേപ വര്‍ധന -അടിസ്ഥാന സൗകര്യ വികസനം -വിദ്യാഭ്യാസം മുഖ്യ പരിഗണന വിഷയങ്ങള്‍

പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്ര ബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയാണെന്നും ധനമന്ത്രി വ്യക്തമാക്കി. കൊച്ചിയുടെ സമഗ്രവികസനത്തിന് 6,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിലൂടെ ഒരേ സമയം അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപ വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Kerala budget 2020, budget analysis detailed report
Author
Thiruvananthapuram, First Published Feb 7, 2020, 11:43 AM IST

പൗരത്വനിയമത്തിനെതിരെ കേരളം ഒരുമയോടെ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ധനമന്ത്രി തോമസ് ഐസക് തുടങ്ങിയ ബജറ്റ് പ്രസംഗത്തില്‍ എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമപെന്‍ഷനുകളുടെ തുക 1,300 രൂപയായി ഉയര്‍ത്തി. വ്യവസായ നിക്ഷേപം ഉയര്‍ത്താനുളള സര്‍ക്കാരിന്‍റെ നടപടികള്‍ വിജയകരമായിരുന്നുവെന്ന് ധനമന്ത്രി ബജറ്റ് രേഖയില്‍ വ്യക്തമാക്കി. വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രമുഖ കോര്‍പറേറ്റ് കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും ബജറ്റിലൂടെ സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും. സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

2020 നവംബർ മുതൽ സംസ്ഥാനത്ത് സിഎഫ്എൽ, ഫിലമെന്‍റ് ബൽബുകൾക്കും നിരോധനം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചതിലൂടെ ഊര്‍ജ്ജ സംരക്ഷണം സര്‍ക്കാരിന്‍റെ മുഖ്യ പരിഗണനയെന്നും ബജറ്റ് രേഖ വ്യക്തമാക്കുന്നു. പ്രതിശീര്‍ഷ ഉപഭോഗം 2012ലേതിനേക്കാള്‍ താഴെയെത്തിയതായും, വിലക്കയറ്റം 14 ശതമാനത്തിലെത്തിയതായും മന്ത്രി സഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ധനവിഹിതം വെട്ടിക്കുറച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തില്‍ തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേന്ദ്രവിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായി. പ്രളയ സഹായം കേരളത്തിന് നിഷേധിച്ചു. സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റുകളും വെട്ടിക്കുറയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. 

കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും

കിഫ്ബിയുടെ ആകെ അടങ്കല്‍ 54,678 കോടി രൂപയാണ്. ഇതില്‍ 13,618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചെലവുകള്‍ പ്രതീക്ഷിക്കുന്നതായും സഭയെ ധനമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാനുളള സംസ്ഥാനത്തെ വിശപ്പ് രഹിത പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തി. ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും. മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ നിന്ന് 20 കോടി ലഭ്യമാക്കും. 

കേരളത്തില്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയുമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. 118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി. കൃഷിവകുപ്പ് ഹെക്ടറിന് 5,500 രൂപ സബ്‌സിഡിയായി നല്‍കും. പ്ലാന്‍റേഷന്‍ മേഖലയുടെ നിരവധി കാലത്തെ ആവശ്യമായ പ്രത്യേക ഡയറക്ട്രേറ്റ് രൂപവല്‍ക്കരിക്കും. 

കെഎഫ്‌സിയുടെ ഓഹരി മൂലധനം ഉയര്‍ത്തുന്നതിന് 200 കോടി രൂപ വകയിരുത്തും. നൈപുണ്യ വികസനത്തിന് അസാപിന് 50 കോടി രൂപ വകയിരുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരില്ലാത്ത കോഴ്‌സുകള്‍ക്ക് ആയരിത്തോളം തസ്തികകള്‍ സൃഷ്ടിച്ച് മാര്‍ച്ചില്‍ ഉത്തരവിറക്കുമെന്നും ബജറ്റ് രേഖ പറയുന്നു. സര്‍ക്കാരിന്‍റെ നികുതി വരുമാന വര്‍ധന ലക്ഷ്യമിട്ട് ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പരിവിനായി നിയോഗിക്കും. നികുതി വെട്ടിപ്പ്  സാധ്യതയുളള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്സുകള്‍ ഏര്‍പ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം പിടിച്ചു. 

വാഹന വില ഉയരും

കൊച്ചിയുടെ സമഗ്രവികസനത്തിന് 6,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിലൂടെ ഒരേ സമയം അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപ വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. തിരുവനന്തപുരം - കാസര്‍കോട് സെമി സ്പീഡ് റെയില്‍ പദ്ധതിക്ക് 1,457 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 

പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്ര ബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയാണെന്നും ധനമന്ത്രി വ്യക്തമാക്കി. 2019 -20 പ്രവാസി വകുപ്പിനായി വകയിരുത്തിയ 30 കോടിയില്‍ നിന്ന് വകുപ്പിനുളള വിഹിതം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള നീക്കിയിരുപ്പ് 90 കോടി രൂപയായി ഉയര്‍ത്തി. ഇത് കൂടാതെ സാന്ത്വനം സ്കീമിനായി 27 കോടിയും പ്രവാസി ക്ഷേമനിധിയിലേക്ക് ഒമ്പത് കോടിയും ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തുന്നു. 

കേരളത്തില്‍ വാഹനങ്ങളുടെ നികുതി നിരക്കുകള്‍ സര്‍ക്കാര്‍ ഉയര്‍ത്തി. രണ്ട് ലക്ഷം വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ധിപ്പിച്ചു. പൊല്യൂഷന്‍ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസന്‍സ് ഫീ 25,000 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios