രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ചിത്രമാണിത്. ബോളിവുഡ് താരം സ്വരാ ഭാസ്കർ അടക്കം ഈ ചിത്രം പിന്നീട് ട്വീറ്റ് ചെയ്തു. സമരകാലത്ത് ഇത് ഐസകിന്‍റെ ബജറ്റ് കവർ ചിത്രമാകുന്നു.
തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് കവർ ചിത്രമാക്കിയത് മഹാത്മാഗാന്ധിയെയാണ്. അതും ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ പ്രാധാന്യമേറിയ ചിത്രം. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‍സെ ദേശഭക്തനാണെന്ന് പാർലമെന്‍റിൽ പ്രഗ്യാ സിംഗ് ഠാക്കൂർ എന്ന എംപി തന്നെ പ്രസ്താവിക്കുമ്പോൾ, വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ഗാന്ധി തന്നെയായിരുന്നു ഇതിനെതിരായ പ്രതിരോധത്തിന്‍റെ ചിഹ്നം.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എംപി രാഹുൽ ഗാന്ധി ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വലിയ ചർച്ചാ വിഷയമായി. നിരവധിപ്പേർ ഈ ചിത്രം പങ്കുവച്ചു. അതിൽ പൗരത്വ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ബോളിവുഡ് താരം സ്വരാ ഭാസ്കർ ഉൾപ്പടെയുള്ളവർ പെടും.

ഈ ചിത്രം വരച്ചത് പക്ഷേ, ഒരു മലയാളിയായ ചിത്രമെഴുത്തുകാരനാണെന്നത് പക്ഷേ, വളരെക്കുറച്ച് പേർക്ക് മാത്രമേ അറിയൂ. 'Death Of Gandhi' അഥവാ 'ഗാന്ധിയുടെ മരണം' എന്ന പേരിലുള്ള ആ ചിത്രം വരച്ചത് മൂവാറ്റുപുഴ സ്വദേശിയായ ടോം വട്ടക്കുഴിയാണ്.
''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓർമ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്‍റെ കവർ പേജ് ആക്കിയത്'', എന്ന് തോമസ് ഐസക് പറയുന്നു. സംസ്ഥാനസർക്കാരിന്‍റെ 'രക്തസാക്ഷ്യം' എന്ന സോവനീറിന്‍റെ കവർ ചിത്രവും ഇതു തന്നെയായിരുന്നു.
ഇത് മാത്രമല്ല, ബജറ്റ് പ്രസംഗം തോമസ് ഐസക് തുടങ്ങിയത് തന്നെ പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. വിവിധ കവിതകളും തോമസ് ഐസക് എടുത്തുകാട്ടി.
ചിത്രങ്ങൾ കാണാം: ബജറ്റില്‍ 'എഴുത്തിന്‍ പ്രതിരോധം' തീര്‍ത്ത് ധനമന്ത്രി
ബജറ്റിൽ ഇത്തരം കവർ ചിത്രങ്ങൾ കൗതുകകരവും സമകാലികപ്രസക്തവുമായ ചിത്രങ്ങൾ തോമസ് ഐസക് ഉപയോഗിക്കുന്നത് പതിവാണ്. ശബരിമല പ്രതിഷേധം കത്തിയ കഴിഞ്ഞ ബജറ്റ് കാലത്ത്, പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് ആനയിക്കുന്ന അയ്യങ്കാളിയുടെ ചിത്രമായിരുന്നു തോമസ് ഐസക് കവർ ചിത്രമാക്കിയത്. 'ആർപ്പോ ആർത്തവം' പരിപാടിയുടെ പോസ്റ്ററിനായി കലാകക്ഷിയുടെ പി എസ് ജലജ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമായിരുന്നു അത്.

