Asianet News MalayalamAsianet News Malayalam

20 വർഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം; ബജറ്റിലേക്ക് ഉറ്റുനോക്കി കേരളം

അടുത്ത വർഷം മുതൽ കേന്ദ്രവിഹിതം കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിക്കും

Kerala budget 2022 state faces financial crisis awaits new revival measures from KN Balagopal
Author
Thiruvananthapuram, First Published Mar 9, 2022, 11:33 AM IST

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പുകുത്തുന്നത്. കൊവിഡ് പ്രതിസന്ധി റവന്യു വരവിനെ ബാധിച്ചപ്പോൾ, ശമ്പളപരിഷ്ക്കരണം ചെലവ് ഉയർത്തി. നികുതി ഉയർത്തിയാലും ചെലവ് ചുരുക്കിയാലും ഉടൻ വരുതിയിൽ നിർത്താൻ കഴിയുന്നതല്ല പൊതുധനകാര്യം. 

അടുത്ത വർഷം മുതൽ കേന്ദ്രവിഹിതം കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിക്കും. ഈ സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങളല്ല ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യം. ട്രഷറി പൂട്ടാതെ കാക്കാൻ ബജറ്റിൽ എന്തൊക്കെ പോംവഴികൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ കണ്ടെത്തുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപ.എന്നാൽ ജനുവരി അവസാനം വരെ എത്തിയ  തുക കേന്ദ്ര ഗ്രാന്‍റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വർഷം വന്ന വരുമാനത്തിൽ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെൻഷനും പലിശയും നൽകാനാണ്. ശമ്പള പരിഷ്ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് മാസം ശമ്പളം നൽകാൻ ചെലവഴിച്ചത് 23000 കോടിയെങ്കിൽ ഈ സാമ്പത്തിക വർഷം ഇതുവരെ 38000 കോടി രൂപ കടന്നു.

ഇപ്പോൾ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കൊവിഡാണെങ്കിൽ അടുത്ത ബജറ്റ് വർഷം കേരളത്തെ ബാധിക്കുന്നത് കേന്ദ്ര വിഹിതത്തിലെ ഇടിവാണ്. റവന്യു വരവ് ഇടിയുമ്പോൾ കേരളത്തിന് ലഭിക്കുന്ന കേന്ദ്രസഹായത്തിൽ മാത്രം കുറയുക ആറായിരം കോടിയാണ്. ജൂണ്‍ മുതൽ ജിഎസ്ടി നഷ്ടപരിഹാരവും ഇല്ലാതാകും. ഒറ്റയടിക്ക് ആകെ നഷ്ടം 15000കോടി രൂപയായിരിക്കും.

ഖജനാവ് ഒഴിയാതെ കാക്കണം. നിലവിലെ ക്ഷേമ പദ്ധതികൾ തുടരുകയും വേണം .വല്ലാത്ത പ്രതിസന്ധിയിലാണ് സർക്കാർ. ഇടംവലം നോക്കാതെ ദുർചെലവ് പിടിച്ചുനിർത്തുക മാത്രമാണ് തത്കാലം പിടിവള്ളി. അതിനുള്ള ആർജവം രണ്ടാം പിണറായി സർക്കാർ പുറത്തെടുക്കുമോയെന്നാണ് കാത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios