തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടികൊണ്ടാണ് നടത്തിയത്. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ മോശമായത് സംസ്ഥാനത്തെും ബാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയ ഐസക്ക്
വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നും വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെ നടപ്പിലാക്കപ്പെട്ട ജിഎസ്‍ടിയിലെ കോട്ടങ്ങള്‍ ചൂണ്ടികാട്ടാനും മടികാട്ടിയില്ല.

ജിഎസ്‍ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറച്ചത് കേരളത്തിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം വിവരിച്ചു. നികുതിവരുമാനം 10113 കോടി രൂപ കുറയുമെന്നും ഐസക്ക് ചൂണ്ടികാട്ടി.