തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പൈനാപ്പിളടക്കമുള്ളവയില്‍ നിന്ന് വൈന്‍ ഉണ്ടാക്കുന്ന പദ്ധതിക്ക് ധനമന്ത്രി തോമസ് ഐസക്ക് പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം പഴങ്ങളില്‍ നിന്ന് ഉണ്ടാക്കുന്നതടക്കമുള്ള പദ്ധതികള്‍ മദ്യനയത്തില്‍ വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനിടയിലാണ് ബജറ്റിലെ പരാമര്‍ശം.

വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് 3 കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ മാര്‍ച്ചില്‍ മദ്യനയത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും മറ്റു  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭായോഗം ഇതിനുള്ള അനുമതി നല്‍കിയത്.

നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി