Asianet News MalayalamAsianet News Malayalam

Kerala Budget 2022 : വഴിയോര കച്ചവടക്കാർക്ക് ആഹ്ലാദിക്കാം; സോളാർ പുഷ് കാർട്ടുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി

കയര്‍ മേഖലയ്ക്ക് 117 കോടി രൂപയും കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും നീക്കിവെക്കും

Street vendors will get light from Solar Push Kart Kerala Budget 2022 KN Balagopal
Author
Thiruvananthapuram, First Published Mar 11, 2022, 3:27 PM IST

തിരുവനന്തപുരം: വഴിയോര കച്ചവടക്കാര്‍ക്ക് വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ അധിക മൂലധന നിക്ഷേപം നടത്തും. കയര്‍ മേഖലയ്ക്ക് 117 കോടി രൂപയും കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും നീക്കിവെക്കും. കെഎസ്ഐഡിസിയുടെ മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം അനുവദിച്ചു.

കൈത്തറി മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം സാങ്കേതിക വിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടി രൂപയുടെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ് അനുവദിക്കും. ഐടി മേഖലയ്ക്ക് 559 കോടി രൂപ അനുവദിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന നൽകും. ഇതിനായി വെബ് പോര്‍ട്ടല്‍ തുറക്കും.

ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ് 28 കോടി രൂപ ചെലവില്‍ സ്ഥാപിക്കും. കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിന് അനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി രൂപയും അനുവദിച്ചു.

Follow Us:
Download App:
  • android
  • ios