തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ നിയമസഭയിലേക്ക് കടന്നുവന്നപ്പോള്‍ മദ്യത്തിന്‍റെ വിലവര്‍ധനവ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടു. മദ്യത്തിന്‍റെ വിലയില്‍ 10 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും പ്രളയദുരന്തങ്ങളില്‍ നിന്നുള്ള നവകേരള നിര്‍മ്മാണ സ്വപ്നങ്ങളും ഇതിന് ആക്കം കൂട്ടി. എന്നാല്‍ രണ്ട് മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ സംസ്ഥാന ഖജനാവിന്‍റെ 'പൊന്നുകായ്ക്കുന്ന മരം' എന്ന് വിശേഷിപ്പിക്കാവുന്ന മദ്യവില വര്‍ധനവ് ഉണ്ടായില്ല.

ബജറ്റില്‍ മദ്യ വിലവര്‍ധിപ്പിക്കാനുള്ള നീക്കം ആദ്യം മുതലേ സജീവമായിരുന്നെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറി മറിഞ്ഞു. മിക്കവാറുമെല്ലാ ബജറ്റുകളിലും മദ്യ വില വര്‍ധിക്കുമെന്ന പതിവ് തെറ്റി. അപൂര്‍വ്വമായ ആ തീരുമാനത്തിലേക്ക് ധനമന്ത്രിയെ നയിച്ച കാരണമെന്തെന്ന ചിന്തയിലാണ് പലരും. നിരവധി കാരണങ്ങളാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്.

ഇടയ്ക്കിടെ മദ്യവില കൂട്ടുന്നത് മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പും മറ്റ് ലഹരി വസ്തുക്കളുടെ വിലക്കുറവുമെല്ലാം കാരണമാകാമെന്നാണ് വിലയിരുത്തലുകള്‍. അടിക്കടി മദ്യവില വര്‍ധിക്കുന്നത് മദ്യപാനികളെ നിരാശരാക്കുന്നുണ്ട്. മിക്കവാറുമെല്ലാ ബജറ്റിലും അല്ലാതെയും മദ്യവില സര്‍ക്കാര്‍ വര്‍ധിപ്പിക്കാറുണ്ട്. മഹാ പ്രളയത്തിന് പിന്നാലെ നവ കേരള നിര്‍മ്മാണത്തിനായി മദ്യത്തിന്‍റെ വിലയും വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവുമധികം നികുതിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റ് സ്ഥലങ്ങളില്‍ വിലക്കുറവില്‍ ലഭിക്കുന്ന മദ്യം കേരളത്തില്‍ ഇരട്ടിയിലധികം പണം മുടക്കിയാണ് മദ്യപാനികള്‍ വാങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും വിലവര്‍ധിപ്പിക്കുന്നത് എതിര്‍പ്പ് രൂക്ഷമാക്കാന്‍ കാരണമാകുമെന്നതിനാലാണ് ഐസക്ക് തീരുമാനം മാറ്റിയതെന്ന് വിലയിരുത്തലുകളുണ്ട്.

മദ്യവില കൂടിയ ശേഷം വില്‍പ്പനയിലുണ്ടായ ഇടിവും ഒരു കാരണമാകാം. വീണ്ടും വില കൂട്ടിയാല്‍ വില്‍പ്പനയിലെ ഇടിവ് വര്‍ധിക്കാനുള്ള സാധ്യതയും സര്‍ക്കാരിന് മുന്നിലുണ്ട്. വില കുറഞ്ഞ മറ്റ് ലഹരി വസ്തുക്കളിലേക്ക് മദ്യപാനികള്‍ ചുവട് മാറ്റുന്നതും തീരുമാനം മാറ്റുന്നതിലേക്ക് നയിച്ചിട്ടുണ്ടാകാം. ഏതാനും മാസങ്ങള്‍ക്ക് ശേഷം എത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മദ്യവില ചര്‍ച്ചയാകാതിരിക്കാനുള്ള മുന്‍കരുതലാകാം എന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും ബജറ്റില്‍ മദ്യവില വര്‍ധിപ്പിക്കാത്തത് മദ്യപാനികളെ ഹാപ്പിയാക്കിയിട്ടുണ്ട്.