കൊവിഡ് 19ന് പിന്നാലെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഏറ്റവും കൂടുതൽ ദുരിതത്തിലായത് ലോട്ടറി തൊഴിലാളികളാണ്. ആരുടെയെങ്കിലും ദയയിൽ പട്ടിണിക്കിടക്കാതെ മുന്നോട്ട് പോകുകയാണ് ഇവരിപ്പോൾ. 
ഇത്തരത്തിൽ  കൊവി‍ഡ് മഹാമാരിയിൽ ദുരിതത്തിലായ ലോട്ടറി കച്ചവടക്കാരുടെ ഒരു പ്രതിനിധിയാണ് അറുപത്തി എട്ട് വയസായ കുഞ്ഞച്ചൻ.

ആലപ്പുഴയിലെ ആര്യാട് വെള്ളാപ്പാടി കോളനി നിവസിയാണ് ഈ മധ്യവയസ്കൻ. പത്ത് വർഷം മുമ്പ് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചാണ് തന്റെ ഇടതുകാലിന് ഒടിവ് സംഭവിച്ചതെന്ന് കുഞ്ഞച്ചൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. ഇതോടെ മറ്റ് ജോലിക്കൊന്നും ഇദ്ദേഹത്തിന് പോകാൻ സാധിക്കാതായി. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് കുഞ്ഞച്ചൻ ലോട്ടറി കച്ചവടത്തിലേക്ക് തിരിയുന്നത്. 

കൊണ്ടുനടന്ന് വിൽക്കാൻ സാധിക്കാത്തതിനാൽ, ഒരു ദിവസം 25 ടിക്കറ്റ് മാത്രമാണ് കുഞ്ഞച്ചൻ വിറ്റിരുന്നത്. എടുക്കുന്ന എല്ലാ ടിക്കറ്റുകൾ വിറ്റുപോയിരുന്നുവെന്നും കുഞ്ഞച്ചൻ പറയുന്നു. ലോട്ടറി വരുമാനം കൊണ്ടും അയൽക്കാരായ സുമനസുകളുടെ സഹായത്തോടെയും ജീവിതം തള്ളി നീക്കി കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ലോട്ടറി വിൽപന നിർത്തുകയും ചെയ്തത്. ഏകവരുമാനവും നഷ്ടമായതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഈ വൃദ്ധൻ.

പഞ്ചായത്ത് നൽകിയ വീട്ടിൽ ഒറ്റയ്ക്കാണ് കുഞ്ഞച്ചന്റെ താമസം. ഭാര്യ മരിച്ചതോടെ മക്കൾ ഇരുവരും വേറെ വീട്ടിലേക്ക് താമസം മാറി. പണികൾ പൂർത്തിയാക്കാത്തതിനാൽ മഴക്കാലത്ത് വീടിനകം ചോർന്നൊലിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഈ വീട് മക്കളുടെ പേരിൽ അദ്ദേഹം എഴുതി കൊടുത്തിട്ടുമുണ്ട്. അയൽവാസികളും കമ്യൂണിറ്റി കിച്ചണിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ലോക്ക്ഡൗൺ കാലത്ത് ഇദ്ദേഹം കഴിയുന്നത്.

കുഞ്ഞച്ചൻ ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെയും ഒരു സന്നദ്ധപ്രവർത്തകരുടെ സഹായമോ മറ്റ് ആനുകൂല്യങ്ങളോ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കുഞ്ഞച്ചന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുകയാണെങ്കിൽ ഉപകാരമായിരിക്കുമെന്നും അയൽവാസിയായ ചന്ദ്രലോഖ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.