20 കോടി അടിച്ച ലോട്ടറിയിൽ തന്റെ പേരും വിലാസവും ഒപ്പുമുണ്ടെന്ന് സജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യഥാർത്ഥ ഉടമസ്ഥന് തന്നെ ലഭിക്കണം എന്നത് കൊണ്ടാണ് നിയമനടപടി സ്വീകരിച്ചതെന്നും സജിമോൻ വ്യക്തമാക്കി.
കൊച്ചി: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി സമ്മാന വിതരണം ഹൈക്കോടതി തടഞ്ഞ ഉത്തരവിൽ ആശ്വാസമെന്ന് പിറവം സ്വദേശി സജിമോൻ കെ കെ. ലോട്ടറിയിൽ തന്റെ പേരും വിലാസവും ഒപ്പുമുണ്ടെന്ന് സജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യഥാർത്ഥ ഉടമസ്ഥന് തന്നെ ലഭിക്കണം എന്നത് കൊണ്ടാണ് നിയമനടപടി സ്വീകരിച്ചതെന്നും സജിമോൻ വ്യക്തമാക്കി. 27 ന് ലോട്ടറി ഹാജരാക്കാനാണ് ഹൈക്കോതി ലോട്ടറി വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്.
ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ സമ്മാനം വിതരണം തടഞ്ഞ് ഇന്നലെയാണ് ഹൈക്കോടതി ലോട്ടറി വകുപ്പിന് നോട്ടീസയച്ചത്. പിറവം പാഴൂർ സ്വദേശി കെ.കെ. സജിമോൻ്റെ ഹർജിയിലാണ് നടപടി. ഒന്നാം സമ്മാനം ലഭിച്ചത് താൻ എടുത്ത ടിക്കറ്റിന് എന്ന് ചൂണ്ടിക്കാണിച്ചാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ്റെ ഹര്‍ജി. ട്രാവൽ സർവീസ് നടത്തുന്ന റിട്ടയേര്‍ഡ് എസ്ഐ ആയ സജിമോൻ, സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ വണ്ടിയിൽ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം, നെയ്‌പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി. എന്നാൽ പാത്രം വിശാഖ പട്ടണത്ത് എത്തിയെന്നും ടിക്കറ്റ് കൊറിയർ സ്ഥാപത്തിൽ നിന്ന് നഷ്ടമായി എന്നും സജിമോൻ പറയുന്നു. അതിനിടയിൽ ആണ് ലോട്ടറി അടിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റൊരാൾ ലോട്ടറി വകുപ്പിനെ സമീപിച്ചത്. ഇത് ആരെന്ന് വ്യക്തമല്ല. ഇതോടെയാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്.


