സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ലോട്ടറിക്ക് ഇത്തവണ റെക്കോർഡ് വിൽപ്പന. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞു. 10 കോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയ്ക്ക് റെക്കോഡ് വില്പന. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കേ വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. ആകെ 40 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്.

എല്ലാ ബമ്പറുകളേയും പോലെ മൺസൂൺ ബമ്പറിന്റെ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്. 11,14,500 ടിക്കറ്റുകകളാണ് ജില്ലയിൽ വിറ്റത്. വില്പനയിൽ തൃശൂർ രണ്ടാം സ്ഥാനത്തും ( 4 ,54, 510), തിരുവനന്തപുരം (3,58, 500) മൂന്നാം സ്ഥാനത്തുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വില്പന ( 1,29, 000 ). കഴിഞ്ഞ വർഷത്തെ മൺസൂൺ ബമ്പറിൽ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റഴിക്കപ്പെട്ടത്.

10 കോടി രൂപയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000 , 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ജില്ലാ ലോട്ടറി ഓഫീസുകളും സബ്ഓഫീസുകളും മുഖേന അംഗീകൃത ഏജൻസികൾ വഴി വില്പന നടത്തിയ ടിക്കറ്റുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക.

കേരള സംസ്ഥാന ലോട്ടറിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുത്. സമ്മാനം ലഭിച്ചു എന്ന പേരില്‍ രജിസ്ട്രേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, ജി എസ് ടി, ടാക്‌സ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ ടി പി , യുപിഐ പിന്‍ , ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെൽപ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലോ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming