കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഏജൻസി കമ്മീഷനും നികുതികളും കഴിഞ്ഞുള്ള തുകയാകും വിജയിക്ക് ലഭിക്കുക. നറുക്കെടുപ്പ് സെപ്റ്റംബർ 27ന് നടക്കും.

ലോട്ടറിയിലൂടെ ഭാ​ഗ്യാന്വേഷികളെ ആ​ദ്യമായി കണ്ടെത്തിയ സംസ്ഥാനം കേരളമാണ്. ഇതിനകം ഒട്ടനവധി ഭാ​ഗ്യശാലികൾ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയിലൂടെ ലക്ഷാധിപതികളും കോടിപതികളും ആയിട്ടുണ്ട്. തിരുവോണം ബമ്പറാണ് കേരള ഭാ​ഗ്യക്കുറിയിൽ ഏറ്റവും കൂടുതൽ തുക സമ്മാനമായി കൊടുക്കുന്ന ലോട്ടറി. 25 കോടിയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് സെപ്റ്റംബർ 27ന് നടക്കും. ഇതുവരെയുള്ള കണക്ക് പ്രകാരം 70 ലക്ഷം ടിക്കറ്റുകളാണ് ബമ്പറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. കോടിപതിയെ അറിയാൻ ഇനി ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെ 25 കോടി അടിച്ച ഭാ​ഗ്യശാലിക്ക് എത്ര രൂപ കിട്ടുമെന്നും ബമ്പർ എടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും നോക്കാം.

ഓണം ബമ്പറിന്‍റെ സമ്മാനഘടന

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.

25 കോടി വരുന്നതും പോകുന്നതും ഇങ്ങനെ

തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി

ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി

സമ്മാന നികുതി 30 ശതമാനം: 6.75 കോടി

ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി

നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി

ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ല​ക്ഷം

അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി

എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)

ഒരുകോടിയില്‍ എത്ര രൂപ കിട്ടും ?

ഒരു കോടി ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.

സർക്കാരിലേക്ക് എത്ര ?

500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പറിന്‍റെ എത്ര ടിക്കറ്റുകളാണോ വിറ്റഴിയുന്നത് അത്രയും രൂപയാണ് വിറ്റുവരവില്‍ സര്‍ക്കാരിലേക്ക് പോകുന്ന തുക. ഇത് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്.

ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യും?

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും (ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുവൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മാനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യപത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

ഷെയറിട്ട് ടിക്കറ്റെടുത്തവര്‍ ശ്രദ്ധിക്കേണ്ടത്

  • ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം.
  • 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.
  • ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
  • ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ കോടിപതിയായത് അല്‍ത്താഫ് എന്നയാളാണ്. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായിരുന്നു ഇദ്ദേഹം. TG 434222 എന്ന നമ്പറിലൂടെയായിരുന്നു അല്‍ത്താഫിനെ ഭാഗ്യം തേടി എത്തിയത്. ആരാകും ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി എന്നത് ശനിയാഴ്ച അറിയാം. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്