ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബര്‍ 4ന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നടക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ലഭിക്കും.

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ BR 105 നറുക്കെടുക്കാൻ പോവുകയാണ്. ഒക്ടോബര്‍ 4നാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് തിരുവോണം ബമ്പ‍ർ നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ഒരു ബമ്പർ ടിക്കറ്റിന്റെ വില.

25 കോടി ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഭാ​ഗ്യശാലികളെ തേടി എത്തും.

എല്ലാ വർഷത്തെയും പോലും ഇത്തവണയും മികച്ച വിൽപ്പനയാണ് തിരുവോണം ബമ്പറിന് ലഭിക്കുന്നത്. ഇത്തവണ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പ് ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാടാണ്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞിരുന്നത്.

ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേംരാജ് എന്നിവരും സന്നിഹിതരാകും. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്