രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ ലോട്ടറിയുടെ ഈ വർഷത്തെ വില്‍പ്പന ആരംഭിച്ചു. രണ്ട് ദിവസമായി ആരംഭിച്ച വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാ​ഗ്യക്കുറിയുടെ ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബർ 27ന് ബമ്പറിന്റെ നറുക്കെടുപ്പ് നടക്കും.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ഇന്നായിരുന്നു തിരുവോണം ബമ്പർ ടിക്കറ്റിന്റെ പ്രകാശനം നടന്നത്. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

ആൻ്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്