43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala Lottery ) വിഷു ബമ്പർ(Vishu Bumper) നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലിയെ അറിയാനാകും. പത്തുകോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിന് 250 രൂപയാണ് വില. 50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള നറുക്കെടുപ്പായതിനാൽ മികച്ച പ്രതീക്ഷയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുള്ളത്. പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെയാണ് അച്ചടിക്കാൻ കഴിയുക. ടിക്കറ്റ് വില്പനയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി മാത്രമാണ് അച്ചടിക്കുന്നത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
മലയാളിക്ക് ലോട്ടറി അടിച്ചത് മൂന്നുതവണ; ആദ്യം 7 കോടി, പിന്നെ റേഞ്ച് റോവര്‍, വീണ്ടും 7 കോടി !
നിനച്ചിരിക്കാതെയാകും പലപ്പോഴും ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഭാഗ്യമെത്തുന്നത്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് വിവിധ ലോട്ടറി ടിക്കറ്റുകളാണ്. ഒറ്റ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ഈ ലോട്ടറികൾക്ക് സാധിക്കും. ദുബായ് ഡ്യൂട്ടി ഫ്രീ(Dubai Duty Free ) ലോട്ടറിയിലൂടെ നിരവധി പേരെയാണ് ഇത്തരത്തിൽ ഭാഗ്യം തുണച്ചത്. ഇപ്പോഴിതാ മൂന്ന് തവണ ഡ്യൂട്ടി ഫ്രീയിലൂടെ ലോട്ടറി അടിച്ച മലയാളിയുടെ വാർത്തയാണ് പുറത്തുവരുന്നത്.
സുനില്‍ ശ്രീധരന്‍ എന്ന പ്രവാസിയെ ആണ് ഭാഗ്യദേവത മൂന്ന് തവണ തേടിയെത്തിയത്. 2019 സെപ്തംബറിലാണ് സുനിലിനെ തേടി ആദ്യഭാഗ്യം എത്തുന്നത്. മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638 എന്ന ടിക്കറ്റ് നമ്പരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍ 1293 എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ HSE 360PS സുനില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും 10 ലക്ഷം ഡോളര്‍ (ഏഴ് കോടി 70 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ) സ്വന്തമാക്കിയിരിക്കുകയാണ് സുനിൽ.
20 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്നയാളാണ് സുനില്‍. അബുദാബായിലെ ഒരു കമ്പനിയിലെ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ് അദ്ദേഹം. നിലവില്‍ ദുബൈയില്‍ സ്വന്തമായി ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്. രണ്ടാമതും കോടിപതി ആക്കിയതില്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ അദ്ദേഹം എല്ലാവരും ഈ അത്ഭുതകരമായ പ്രൊമോഷനില്‍ പങ്കെടുക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും പറഞ്ഞു. മില്ലെനിയം മില്യനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 188-ാമത്തെ വ്യക്തിയാണ് സുനില്‍.
