മറ്റ് മേഖലകളുടെ തളര്‍ച്ചയും ലോട്ടറി മേഖലക്ക് തിരിച്ചടിയാവും. ഇനി നറുക്കെടുപ്പ് തുടങ്ങിയാലും വില്‍പ്പന കുറയാനാണ് സാധ്യത. 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയതോടെ മറ്റുള്ളവയെ പോലെ തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ലോട്ടറി മേഖലയും. നറുക്കെടുപ്പ് നീണ്ടതോടൊപ്പം ടിക്കറ്റുകളുടെ വില്‍പ്പനയും അനിശ്ചിത്ത്വത്തിലായി. ക്ഷേമനിധി അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തതും തൊഴിലാളികളെ കൂടുതൽ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.

കൊവിഡിന്‍റെ രണ്ടാം വ്യാപനം ലോട്ടറി മേഖലയില്‍ ഉള്ളവര്‍ക്ക് നിര്‍ഭാഗ്യത്തിന്‍റെ കാലമാണ്. ലോക്ക്ഡൗണില്‍ കുടുങ്ങി നറുക്കെടുപ്പും വില്‍പ്പനയും നിലച്ചു. തൊഴിലാളികള്‍ ഉള്‍പ്പെടെ എണ്‍പത്തായ്യിരം പേര്‍, ചില്ലറ വില്‍പ്പനക്കാരും ഏജന്‍റുമാരും എല്ലാം ചേരുമ്പോള്‍ ഈ മേഖല ഉപജീവനമാക്കിയവര്‍ മൂന്ന് ലക്ഷത്തോളം വരും. മെയ് നാലിന് നറുക്കെടുപ്പ് നിര്‍ത്തിയതോടെ ടിക്കറ്റ് വില്‍പ്പനയില്ല. മറ്റ് ജോലി ചെയ്യാന്‍ കഴിയാത്തവരാണ് ചില്ലറ വില്‍പ്പന മേഖലയില്‍ ഏറെയും. പൂര്‍ണ്ണമായും തൊഴില്‍ ഇല്ലാതായതോടെ ഇവരുടെ ജീവിതം ദുസ്സഹമാണ്.

മറ്റ് മേഖലകളുടെ തളര്‍ച്ചയും ലോട്ടറി മേഖലക്ക് തിരിച്ചടിയാവും. ഇനി നറുക്കെടുപ്പ് തുടങ്ങിയാലും വില്‍പ്പന കുറയാനാണ് സാധ്യത. അതിനാല്‍ ലോട്ടറി ടിക്കറ്റ് വില 40 നിന്ന് 30 ആക്കി കുറയ്ക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നു. സമ്മാനം കിട്ടിയ ടിക്കറ്റ് തുക ഏജന്‍റുമാര്‍ക്കുള്‍പ്പെടെ ഉടന്‍ നല്‍കാനുള്ള നടപടിയും വേണം. കൂടാതെ ടിക്കറ്റ് വില്‍പ്പന വീണ്ടും തുടങ്ങുമ്പോള്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ടിക്കറ്റ് വാങ്ങി വില്‍ക്കാന്‍ ചെറിയ സാമ്പത്തിക സഹായവും സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona