കണ്ണൂര്‍: മൺസൂൺ ബംബർ ഒന്നാം സമ്മാന ടിക്കറ്റ് തട്ടിയെടുത്തെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. വ്യാജ പരാതി നൽകിയ കോഴിക്കോട് സ്വദേശി മുനിയൻ അറസ്റ്റിലായി. മൺസൂൺ ബംബറിന്‍റെ ഒന്നാം സമ്മാനമായ അഞ്ച് കോടി സമ്മാനാർഹമായ ടിക്കറ്റ് കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി അജിതന്‍റേത് തന്നെയാണ് എന്നാണ് തെളിഞ്ഞത്. ടിക്കറ്റിൽ കൃത്രിമം കാട്ടിയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.

ജൂലൈ പതിനെട്ടിനായിരുന്നു മൺസൂൺ ബംബർ നറുക്കെടുപ്പ്. ഇരുപത്തിരണ്ടിനാണ് അജിതൻ തന്‍റെ പേരും വിലാസവുമെഴുതിയ ടിക്കറ്റ് പുതിയ തെരു കാനറാ ബാങ്കിൽ ഹാജരാക്കിയത്. സമ്മാനത്തുക അജിതന്‍റെ അക്കൗണ്ടിലെത്താനുള്ള നടപടിക്രമങ്ങളം പൂർത്തിയായി. എന്നാൽ സമ്മാനാർഹമായ ടിക്കറ്റിന്‍റെ യഥാർത്ഥ ഉടമ താനാണെന്നും പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വച്ച് ടിക്കറ്റ് വച്ച പഴ്സ് കളവ് പോയതാണെന്നും കാട്ടി കോഴിക്കോട് സ്വദേശി മുനിയൻ കഴിഞ്ഞ മാസം ഇരുപത്തിനാലിന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുയായിരുന്നു. 

Also Read: മണ്‍സൂണ്‍ ബംപര്‍: അഞ്ച് കോടി സമ്മാനം കിട്ടിയ ലോട്ടറി മോഷ്ടിച്ച് ബാങ്കില്‍ ഏല്‍പിച്ചതായി പരാതി

ജൂൺ 16ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം വച്ച് എടുത്ത ടിക്കറ്റ് ജൂൺ 29ന് വീണ്ടുമെത്തിയപ്പോൾ കളവ് പോയെന്നും ആ ടിക്കറ്റാണ് അജിതൻ ഹാജരാക്കിയതെന്നുമാണ് പരാതി. പിന്നിൽ പേരും വിലാസവും എഴുതിയെന്നും മുനിയൻ അവകാശപ്പെട്ടിരുന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ പൊലീസ് നിർദ്ദേശത്തെ തുടര്‍ന്ന് സമ്മാനത്തുക കൈമാറുന്നത് ലോട്ടറി വകുപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു. അജിതൻ പ്രതിയെന്ന് സംശയിക്കുന്നുവെന്ന് കാട്ടി കളവ് കേസെടുക്കുകയും ഉണ്ടായി. എന്നാല്‍, ടിക്കറ്റിൽ പേര് മായ്ച്ച് കളഞ്ഞ് തിരുത്തൽ നടന്നിട്ടുണ്ടോ എന്ന ഫോറൻസിക് പരിശോധന പരിശോധനയുടെ ഫലം വന്നതോടെ പരാതി വ്യാജമെന്ന് തെളിഞ്ഞിരിക്കുകയാണ്.