തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയില്‍ അവശ്യ വസ്തുക്കള്‍ മുടങ്ങില്ലെന്ന് കളക്ടര്‍.  പലചരക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.  കെഎസ്ആര്‍ടിസി സർവ്വീസ് മുടങ്ങില്ല. എന്നാല്‍ ബസുകളിൽ ആളുകൾ തിരക്ക് കൂട്ടരുത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. പത്രം, പാൽ വിതരണക്കാർ, ഗ്യാസ് ജീവനക്കാർ കൂടുതൽ ശ്രദ്ധ പാലിക്കണം. കെഎസ്ആര്‍ടിസി, സൂപ്പർമാർക്കറ്റുകൾ എന്നിവയിൽ ആളുകളുടെ എണ്ണം നിജപ്പെടുത്തും. 

തിരുവനന്തപുരത്ത് അടുത്ത 15 ദിവസം നിർണായകമെന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. 3000 ഐസോലഷൻ കിടക്കകൾ ജില്ലയിൽ തയ്യാറാണ്. ബെവ്കോ ഔട്ട്‌ലെറ്റ്  ജീവനക്കാർ നിരീക്ഷണത്തിലായ സംഭവം പരിശോധിക്കുമെന്നും കളക്ടർ. ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ ഭൂരിപക്ഷം പേരുടെ ഫലവും നെഗറ്റീവാണ്. കുറച്ചു ഫലങ്ങൾ കൂടി കിട്ടാൻ ഉണ്ട്. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിയുടെ അന്തിമഫലവും നെഗറ്റീവാണ്. രോഗം മാറിയോ എന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കും. തിരുവനന്തപുരം ജില്ലയിലെ 4 കേസുകളുടെയും പ്രൈമറി കോണ്ടാക്റ്റുകളുടെ ഫലം നെഗറ്റീവാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.