Asianet News MalayalamAsianet News Malayalam

വള്ളപ്പാട് മുന്നില്‍ പാലക്കാട്, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം; തിരുവോണം ബമ്പര്‍ വില്‍പ്പന കുതിപ്പ്, കണക്കുകൾ പുറത്ത്

 വള്ളപ്പാട് മുന്നില്‍ പാലക്കാട്, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം; തിരുവോണം ബമ്പര്‍ വില്‍പ്പന കുതിപ്പ്, കണക്കുകൾ പുറത്ത്

Sales of 2024 Thiruvonam Bumper Lottery jump to record sales in first face
Author
First Published Aug 30, 2024, 6:21 PM IST | Last Updated Aug 30, 2024, 6:21 PM IST

തിരുവനന്തപുരം: റെക്കോട് വിൽപ്പനയിലേക്ക് കുതിച്ച് 2024 തിരുവോണം ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ല വള്ളപ്പാട് മുന്നിലേയ്ക്ക് പാഞ്ഞുകയറിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെ ആഞ്ഞുതുഴഞ്ഞ് തലസ്ഥാന നഗരിയും. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 

തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. പക്ഷേ അത്  ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികള്‍. 

20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്‍ക്ക് ), 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്.  ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ഇക്കുറിയുള്ളത് ആകെ  അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങള്‍. 

500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബമ്പര്‍ 2024 വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ (ഓഗസ്റ്റ്  ഒന്നിന് വൈകുന്നേരം നാല് മണി വരെ ഉള്ള കണക്കനുസരിച്ചു) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. 

അത്തരത്തില്‍ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.  2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ  സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു.ഓണം ബമ്പര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്ന് പ്രതീക്ഷ.

ആദ്യ ദിനം 6,01,660 ടിക്കറ്റുകൾ വിറ്റ് തീർന്നു, തിരുവോണം ബമ്പറിനായി ഭാഗ്യാന്വേഷികളുടെ തിരക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios