തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. 30 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇതുവരെ വിറ്റുപോയത് 24 ലക്ഷം ടിക്കറ്റുകളാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. പന്ത്രണ്ട് കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം.

ജനുവരി 17ന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും.

അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത്.