തിരുവനന്തപുരത്ത് വിഴിഞ്ഞം റോഡിൽ ഓടിക്കൊണ്ടിരുന്ന മാരുതി ഇഗ്നീസ് കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.  

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് വൻ അപകടം. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും തലനാരിഴയ്ക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കിടാരക്കുഴി സ്വദേശി അഭിലാഷ്, ഭാര്യ, ഭാര്യയുടെ സഹോദരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഇഗ്നീസ് കാറിന് മുകളിലേക്കാണ് മരം വീണത്. ​ മൂന്ന് മണിയോടെ വിഴിഞ്ഞം റോഡിൽ വച്ചാണ് അപകടമുണ്ടായത്. മരം കടപുഴകി റോഡിലേക്ക് വീഴുന്നതിന് തൊട്ടുമുൻപ്, കാറിന് മുന്നിലായി പോയ സ്കൂട്ടർ യാത്രക്കാരി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടമെങ്കിലു വലിയ ദുരന്തമാണ് ഒഴിവായത്.​ അപകടം നടന്ന ഉടൻ തന്നെ കാറിലുണ്ടായിരുന്നവർക്ക് പരിക്കുകൾ ഏൽക്കാതെ പുറത്തിറങ്ങാൻ കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഴിഞ്ഞത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി കാർ പുറത്തെടുക്കുകയും റോഡിലെ വാഹന ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ ശിവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ്, ബിജു, സന്തോഷ് കുമാർ, സാജൻ, രഹിൽ, ശ്യാം ധരൻ, അരുൺ മോഹൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.